14 September, 2021 08:32:16 PM


പാകിസ്ഥാനിൽ പരിശീലനം നേടിയ രണ്ട് പേര്‍ ഉള്‍പ്പെടെ ആറ് ഭീകരര്‍ പിടിയില്‍



ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്ന് പരിശീലനം നേടിയ രണ്ട് ഭീകരർ ഉൾപ്പെടെ 6 ഭീകരവാദികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പിടിയിലായി. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ് ഭീകരരെ പിടികൂടിയത്. സ്ഫോടക വസ്തുക്കളും തോക്കുകളും ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ ഇവർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഭീകരർ പിടിയിലായത്. ചിലയിടങ്ങളിൽ ഇപ്പോഴും റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസുമായി അടുത്തവൃത്തങ്ങൾ പറയുന്നു. പിടിയിലായ ഭീകരർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താനും ആക്രമണങ്ങള്‍ നടത്താനും ലക്ഷ്യമിട്ടിരുന്നതായി സ്പെഷ്യൽ സെൽ പറയുന്നു. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസും സംഘത്തിലെ അംഗമാണെന്നും ഹവാല ഇടപാടുകളിലൂടെയാണ് പണം കണ്ടെത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

മഹാരാഷ്ട്രയിൽ നിന്നുള്ള ജാൻ മുഹമ്മദ് ഷേഖ് (47), ഡൽഹിയിൽ നിന്നുള്ള ഒസാമ (22), യു പി റായ്ബറേലിയിൽ നിന്നുള്ള മൂല്‍ചന്ദ് (47), അലഹബാദിൽ നിന്നുള്ള സീഷാൻ ഖമർ (28), ബെഹ്റൈച്ചിൽ നിന്നുള്ള മുഹമ്മദ് അബുബക്കർ (23), ലഖ്നൗവിൽ നിന്നുള്ള മുഹമ്മദ് അമീർ ജാവേദ് (31) എന്നിവരാണ് അറസ്റ്റിലായത്. വിവിധ നഗരങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. നവരാത്രി, രാമലീല കൂട്ടായ്മ എന്നിവയാണ് ഭീകരർ ലക്ഷ്യം വെച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

''അറസ്റ്റിലായ ആറുപേരിൽ ഒസാമയും സീഷാനും പാകിസ്ഥാനിൽ നിന്ന് പരിശീലനം ലഭിച്ചവരാണ്. ഈ വർഷമാണ് ഇവർ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ആദ്യ അറസ്റ്റ് മഹാരാഷ്ട്രയിൽ നിന്നായിരുന്നു. പിന്നാലെ രണ്ടുപേരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തു. ഇതിനുശേഷം ഉത്തർ പ്രദേശ് തീവ്രവാദ വിരുദ്ധ സേനയുമായി ചേർന്ന് അവിടെ നിന്ന് മൂന്നുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു''- ഡൽഹി സ്പെഷ്യൽ സിപി (സ്പെഷ്യൽ സെൽ) നീരജ് താക്കൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇവരിൽ നിന്ന് വൻതോതിൽ ആയുധശേഖരം കണ്ടെത്തി.

''പാകിസ്ഥാനിൽ പരിശീലനം നേടിയ രണ്ടുപേരും മസ്ക്കറ്റിൽ നിന്നാണ് അവിടേക്ക് പോയത്. സ്ഫോടനം നടത്താനുള്ള പരിശീലനമാണ് അവർക്ക് ലഭിച്ചത്. സ്ലീപ്പർ സെൽ പ്രവർത്തിപ്പിച്ച് വരികയായിരുന്നു ഇവർ. അതിർത്തിയിൽ നിന്നുള്ള ഭീകരരുമായി ചേർന്നാണ് ഇവർ പ്രവർത്തിച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസും ഈ സംഘത്തിന്റെ ഭാഗമാണ്. ഹവാല ഇടപാടുകളിലൂടെയാണ് ഇവർ പണം കണ്ടെത്തിയിരുന്നത്. ഉത്സവ സീസണുകൾ അനുസരിച്ച് നഗരങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുകയായിരുന്നു.''- താക്കൂർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K