14 September, 2021 05:22:57 PM
സ്ഥാനാർത്ഥി പോത്തിന്‍റെ പുറത്ത്; എത്തിയത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ
പട്ന: സെപ്റ്റംബര്‍ 24ന് ആരംഭിക്കുന്ന ബീഹാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥി എത്തിയത് പോത്തിന്റെ പുറത്ത്. രാംപൂരിലെ കതിഹാര്‍ സീറ്റില്‍ നിന്ന് മത്സരിക്കുന്ന ആസാദ് അമല്‍ ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോത്തിന്‍റെ പുറത്ത് കയറി എത്തിയത്. പോത്തിന്റെ പുറത്ത് ഇരുന്ന് വരുന്ന അമലിന്‍റെ 43 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇന്റര്‍നെറ്റില്‍ ഇതിനോടകം വൈറലാവുകയും ചെയ്തു. അമല്‍ പോത്തിന്റെ പുറത്ത് ഇരിക്കുന്നതും മറ്റൊരാള്‍ പോത്തിനെ വലിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
അദ്ദേഹത്തിന്റെ അനുയായികളും മറ്റ് ഗ്രാമവാസികളുമടക്കം അദ്ദേഹത്തിന് ചുറ്റും ഒരു ജനക്കൂട്ടം തന്നെയുണ്ട്. ഈ പ്രവൃത്തിക്ക് പിന്നിലെ കാരണം വിശദീകരിക്കുന്നതിനിടയില്‍, താന്‍ ഒരു കന്നുകാലി വളര്‍ത്തുകാരനാണെന്നും തനിക്ക് പെട്രോളോ ഡീസലോ വാങ്ങാന്‍ പണമില്ലെന്നും അമല്‍ പറഞ്ഞു. അതിനാലാണ് അദ്ദേഹം പോത്തിന്റെ പുറത്ത് കയറി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.
വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചതു മുതല്‍, ക്ലിപ്പ് കണ്ട് നിരവധി ഉപയോക്താക്കള്‍ മികച്ച കമന്റുകളും പ്രതികരണങ്ങളുമായി രംഗത്തെത്തി. ചിലര്‍ക്ക് ഇത് രസകരമായി തോന്നിയപ്പോള്‍, മറ്റു ചിലര്‍ ഇത്തരം സംഭവങ്ങള്‍ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയാണെന്നും ഇത് പ്രോത്സാഹിപ്പിക്കരുതെന്നും അഭിപ്രായപ്പെട്ടു. ചിലര്‍ സ്ഥാനാര്‍ത്ഥിയെ പരിഹസിച്ചും കമന്റുകള്‍ രേഖപ്പെടുത്തി. 'പോത്തിനെ ഓടിക്കുന്ന കഴുത' എന്നും ചിലര്‍ കമന്റ് രേഖപ്പെടുത്തി.
വരാനിരിക്കുന്ന ബീഹാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 24ന് ആരംഭിച്ച് ഡിസംബര്‍ 12ന് അവസാനിക്കും. 11 ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ പോത്തിന്റെ പുറത്ത് കയറുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ദര്‍ഭംഗയിലെ ബഹദൂര്‍പുര്‍ സീറ്റില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി നാചാരി മണ്ഡലും പോത്തിന്റെ പുറത്ത് ഇരുന്നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ മാത്രമല്ല, നിരവധി എംപിമാരും എംഎല്‍എമാരും ഇതിന് സമാനമായി ട്രാക്ടറുകളിലും കാളവണ്ടിയിലുമെല്ലാം വോട്ട് പിടിക്കാന്‍ മുമ്പും എത്തിയിട്ടുണ്ട്.
സംസ്ഥാനത്തു കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്നാണു തിരഞ്ഞെടുപ്പു നടത്താനുള്ള തീരുമാനം. നിശ്ചിത കാലാവധിക്കുള്ളില്‍ തിരഞ്ഞെടുപ്പു നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പഞ്ചായത്ത് ഉപദേശക സമിതികളുടെ കാലാവധി നീട്ടി നല്‍കി നിയമസഭ ബില്‍ പാസാക്കിയിരുന്നു.
ഡീസലിന്റെയും പെട്രോളിന്റെയും വില കുതിച്ചുയര്‍ന്ന് 100 രൂപയിലെത്തിയതിനെ തുടര്‍ന്ന് പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി ജൂണില്‍ പട്നയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പട്‌നയിലെ എന്‍ഐടി മോഡില്‍ നിന്ന് പോത്തുകളുടെ തെരുവ് മാര്‍ച്ചാണ് നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ജെഎപി പ്രവര്‍ത്തകര്‍ പോത്തിന് മുകളില്‍ കയറി ഇരുന്ന് മോട്ടോര്‍ ബൈക്കുകള്‍ റോഡില്‍ കെട്ടി വലിയ്ക്കുകയായിരുന്നു.