10 September, 2021 08:34:02 PM
ഉത്തര്‍പ്രദേശ് മുന്‍മന്ത്രി ബാഗ്പതിലെ വീട്ടില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയായ ആത്മാറാം തോമറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഗ്പതിലെ വീടിനുള്ളിലാണ് ബിജെപി നേതാവായ ആത്മാറാമിനെ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ടവല്‍ കൊണ്ട് കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നു ആത്മാറാമിനെ കണ്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആത്മാറാമിന്റെ മൊബൈല്‍ ഫോണും വീട്ടിലുണ്ടായിരുന്ന കാറും കാണാനില്ലെന്നും ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളിയാഴ്ച രാവിലെയാണ് മരിച്ച വിവരം പുറത്ത് വരുന്നത്. ആത്മാറാമിന്റെ സഹോദരന്‍ വീട്ടിലെത്തി വിളിച്ചെങ്കിലും ആരും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ആത്മാറാമിനെ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. സഹോദരന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.