08 September, 2021 07:26:14 PM
അഴിമതിക്കേസ്: ജയലളിതയുടെ തോഴി ശശികലയുടെ 100 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി
ചെന്നൈ: അണ്ണാ ഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായിരുന്ന വികെ ശശികലയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 11 സ്വത്തുക്കള്‍ ആദായവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി. തമിഴ്‌നാട്ടിലെ പയനൂര്‍ ഗ്രാമത്തില്‍ ഏകദേശം 24 ഏക്കര്‍ വിസ്തൃയില്‍ വ്യാപിച്ച് കിടക്കുന്ന സ്വത്തുക്കളാണ് അധികൃതര്‍ കണ്ടുകെട്ടിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991 - 1996 കാലയളവിലാണ് ഈ സ്വത്തുക്കള്‍ വാങ്ങിയത്.
മുന്‍ കര്‍ണാടക സ്‌പെഷല്‍ കോടതി ജഡ്ജിയായിരുന്ന ജോണ്‍ മിഷേല്‍ കുന്‍ഹയുടെ 2014 ലെ വിധി പ്രകാരം 11 സ്വത്തുക്കളും ജയലളിതയുടെയും, തോഴി ശശികലയുടെയും അവരുടെ ബന്ധുക്കളായ ഇളവരസിയുടെയും സുധാകരന്‍റെയും ''അനുപാതമില്ലാത്ത ആസ്തികളാണ്''. 1990 കളില്‍ ഈ സ്വത്തുക്കള്‍ വാങ്ങുമ്പോള്‍ കേവലം 20 ലക്ഷം രൂപ മാത്രമാണ് വിലയുണ്ടായിരുന്നത് എങ്കിലും നിലവില്‍ ഇവയുടെ വില ഏകദേശം 100 കോടി രൂപയോളം വരും. 2014 ലെ കോടതി വിധി പ്രകാരം ബിനാമി ഇടപാട് (നിരോധന) നിയമം അനുസരിച്ചാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
അധികൃതര്‍ സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ വിവരമറിയിക്കുകയും കെട്ടിടങ്ങള്‍ക്കു പുറത്ത് നോട്ടീസ് പതിക്കുകയും ചെയ്തിട്ടുണ്ട്. നിയമമനുസരിച്ച് ശശികലക്ക് ഈ സ്വത്തുക്കള്‍ ഇപ്പോഴും ഉപയോഗിക്കാനുള്ള അവകാശമുണ്ടെങ്കിലും അവ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. ഈ വര്‍ഷം തുടക്കത്തിലാണ് അഴിമതിക്കേസില്‍ നാല് വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം 67 വയസ്സുകാരിയായ വികെ ശശികല പുറത്തിറങ്ങിയത്. ബംഗളുരുവില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയ ശശികലക്ക് വന്‍ സ്വീകരണമായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്.
2016 ല്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ശശികല പാര്‍ട്ടി നേതാവായി ചുമതല ഏറ്റെടുത്തിരുന്നു. എന്നാല്‍ ജയലളിതയും കുറ്റാരോപിതയായിരുന്ന കേസില്‍ ശശികല കുറ്റക്കാരിയാണെന്ന് സുപ്രീം കോടതി കണ്ടെത്തിയതോടെ മുഖ്യമന്ത്രിയാവാനുള്ള അവരുടെ മോഹങ്ങള്‍ക്ക് തിരിച്ചടി ഏറ്റു. ഇതേ തുടര്‍ന്ന് ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തെരെഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ശശികല അറിയിച്ചിരുന്നു.
അടുത്തിടെ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ഓ പന്നീര്‍സെല്‍വത്തിന്‍റെ ഭാര്യയുടെ മരണത്തെ തുടര്‍ന്ന് ശശികല അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് ശശികല ഓപിഎസുമായി കൂടിക്കാഴ്ച നടത്തിയത്. ശശികലക്കെതിരെ അദ്ദേഹം പോരാട്ടം നയിച്ചതിന് ശേഷം ആദ്യമായാണ് ഇരുവരും കണ്ടുമുട്ടിയത്.
തന്‍റെ നേതൃത്വത്തില്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ അധികാരം നിലനിര്‍ത്തുമായിരുന്നുവെന്ന് വി.കെ.ശശികല തെരെഞ്ഞെടുപ്പിന് ശേഷം അവകാശപ്പെട്ടിരുന്നു. പുതിയതായി പുറത്തു വന്ന ഒരു ഓഡിയോ ക്ലിപ്പിലാണ് ശശികലയുടെ പരാമര്‍ശങ്ങള്‍. പാര്‍ട്ടിയില്‍ തന്നെ പിന്തുണയ്ക്കുന്ന അംഗങ്ങളുമായി ശശികല നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഇതിനു മുമ്പും പുറത്തു വന്നിട്ടുണ്ട്.