06 September, 2021 09:33:37 PM
തമിഴ്നാട്ടിൽ നിപ ബാധയില്ല; വാർത്ത തള്ളി തമിഴ്നാട് ആരോഗ്യവകുപ്പ്

കോയമ്പത്തൂർ: തമിഴ്നാട്ടില്‍ നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്ത തള്ളി തമിഴ്നാട് സർക്കാർ. വാർത്താ എജൻസിയായ എഎൻഐയാണ് തമിഴ്നാട്ടിൽ നിപ സ്ഥിരീകരിച്ചെന്ന വാർത്ത നൽകിയത്. ഇത് തെറ്റായ വാർത്തയാണെന്ന് ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ വ്യക്തമാക്കി. കേരളത്തിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. അത് വളച്ചൊടിക്കുകയും തെറ്റായി റിപ്പോർട്ട് ചെയ്യുകയുമായിരുന്നെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ നിപ കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാതായും കോയമ്പത്തൂർ ജില്ലാ കളക്ടര്‍ ജി.എസ്. സമീരന് അറിയിച്ചു.
നേരത്തെ, കോയമ്പത്തൂരില്‍ നിപ വൈറസ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി തമിഴ്നാട് ആരോഗ്യസെക്രട്ടറിയും കോയമ്പത്തൂർ കളക്ടറും രംഗത്തെത്തിയത്. പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ആള്‍ക്ക് നിപ ബാധിച്ചെന്നായിരുന്നു വാര്‍ത്ത. ഞായറാഴ്ച കേരളത്തില്‍ 12 വയസുകാരന് നിപ ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട് ചാത്തമംഗലം സ്വദേശിയാണ് മരിച്ചത്.