06 September, 2021 06:40:11 AM
യോഗി സർക്കാരിനെ വിമർശിച്ച യുപി മുൻഗവർണർക്കെതിരെ രാജ്യദ്രോഹ കുറ്റം
ലക്നോ: ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരായ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. രാംപുര്‍ ജില്ലയിലെ സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ ബിജെപി പ്രവര്ത്തകന് ആകാശ് സക്സേന നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖുറേഷിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തത്.
രാംപുര്‍ എംഎല്‍എ തന്‍സീം ഫാത്തിമയെ കാണാന്‍ അസം ഖാന്റെ വസതിയില്‍ പോയ ഖുറേഷി അവിടെ വച്ച് യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനെ പിശാചും രക്തം കുടിക്കുന്ന രാക്ഷസന്മാരുമായി താരതമ്യം ചെയ്തുവെന്ന് ആകാശ് സക്സേന പരാതിയില്‍ പറഞ്ഞു. ഇത്തരമൊരു പരാമര്‍ശം രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാനും വര്‍ഗീയ കലാപത്തിലേക്ക് നയിക്കപ്പെടുമെന്നും ആകാശ് പരാതിയില്‍ പരാമര്‍ശിച്ചു.