25 August, 2021 02:57:12 PM
അറസ്റ്റിലായ കേന്ദ്രമന്ത്രിയ്ക്ക് എട്ട് മണിക്കൂറിന് ശേഷം ജാമ്യം; പൊലീസിനെ വിമര്‍ശിച്ച് കോടതി
മുംബൈ: മഹാരഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ തല്ലുമെന്ന് ഭീഷണി മുഴക്കിയതിന് അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് ജാമ്യം. റായ്ഗഡിലെ മഹാഡിലെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേന്ദ്രമന്ത്രിക്ക് ജാമ്യം അനുവദിച്ചത്. നടപടിക്രമം പാലിക്കാതെയാണ് അറസ്റ്റെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി റാണെയ്ക്ക് ജാമ്യം അനുവദിച്ചത്. വാറണ്ടില്ലാതെയാണ് റാണെയെ അറസ്റ്റ് ചെയ്തത്. ശരിയായ കേസ് ഡയറി ഹാജരാക്കാതിരുന്നതിനും കോടതി പൊലീസിനെ വിമർശിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ നടപടിക്രമം പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇപ്പോൾ പൊലീസ് കസ്റ്റഡി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
നാസിക്കിലെ സൈബർ പൊലീസ് കേന്ദ്രമന്ത്രിക്ക് ഹാജരാകാനായി നോട്ടീസ് നൽകിയത് രാത്രിയിലാണ്. കേന്ദ്രമന്ത്രി നേരിട്ട് ഹാജരാകണമെന്നതായിരുന്നു നോട്ടീസിൽ പൊലീസ് ആവശ്യപ്പെട്ടത്. സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് 12 മണി വരെയാണ് ഹാജരാകാൻ സമയം നൽകിയിരുന്നത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ തല്ലണമെന്ന വിവാദ പ്രസ്താവനയെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മഹാരാഷ്ട്ര പൊലീസ് നാരായണ്‍ റാണയെ അറസ്റ്റ് ചെയ്തത്. രാത്രിയോടെ റാണയെ കോടതിയില്‍ ഹാജരാക്കിയ പൊലീസ് ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാദം കേട്ട കോടതി ഇത് തള്ളുകയായിരുന്നു. ഒടുവില്‍ എട്ടരമണിക്കൂറിന് ശേഷം കേന്ദ്രമന്ത്രിക്ക് ജാമ്യം നേടി പുറത്തിറങ്ങാനായി.
മുഖ്യമന്ത്രിയെ അടിക്കുമെന്ന പറഞ്ഞ കേന്ദ്രമന്ത്രിക്കെതിരെ ശിവ സേന പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ തല്ലുമെന്ന തരത്തിലുള്ള വിവാദ പരാമര്‍ശം നാരായണ്‍ റാണയെ നടത്തിയത്. 'ഒരു മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷം തെറ്റിപോകുന്നത് നാണംകെട്ട സംഭവമാണെന്നും താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ദ്ധവ് താക്കറെയെ തല്ലുമെന്നായിന്നു' നാരായണ്‍ റാണ പറഞ്ഞത്. തുടര്‍ന്ന് മഹാരാഷ്ട്ര പോലീസ് നാരായണ്‍ റാണക്കെതിരെ കേസെടുത്തത്.അറസ്റ്റ് തടയാന്‍ അദ്ദേഹം രത്‌നനഗിരി കോടതിയെ സമീപിച്ചിരുന്നു എങ്കിലും അദ്ദേഹത്തിന്റ മുന്‍കൂര്‍ ജമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ഉദ്ദവിനെതിരെ റാണെയുടെ പരാമർശങ്ങൾ ശിവസേനയിൽ നിന്ന് രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയിരുന്നു, ശിവസേന പ്രവർത്തകർ നാരായൺ റാണെയ്ക്കെതിരെ മുംബൈയിലും മറ്റ് സ്ഥലങ്ങളിലും നിരവധി പോസ്റ്ററുകൾ പതിച്ചു, അദ്ദേഹത്തെ 'കൊംബ്ഡി ചോർ' (ചിക്കൻ സ്റ്റീലർ) എന്ന് വിളിച്ചു, അഞ്ച് ദശാബ്ദങ്ങൾക്ക് മുമ്പ് അദ്ദേഹം മുംബൈ ചെമ്പൂർ പ്രദേശത്ത് നടത്തിയ കോഴി കടയെ കുറിച്ചായിരുന്നു പരാമർശം. ബാൽ താക്കറെയുടെ നേതൃത്വത്തിലുള്ള പാർട്ടിയുമായുള്ള നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തനത്തിന് ആരംഭം കുറിച്ചത് അവിടെയാണ്. ശിവസേനയുടെയും അതിന്റെ യുവജന സംഘടനയുടെയും പ്രവർത്തകർ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ റാണെയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.