22 August, 2021 12:03:21 PM


അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 390 പേരെ ഇന്ത്യയിലെത്തിച്ചു; രക്ഷാദൗത്യം തുടരും



ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 390 പേരെ ഇന്ത്യയിലെത്തിച്ചു. മൂന്ന് വിമാനങ്ങളിലാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി 222 പേരെ രാവിലെ എത്തിച്ചിരുന്നു. വ്യോമസേനയുടെ സി 17 വിമാനത്തിൽ 168 പേരും ഗാസ്യാബാദ് വ്യോമതാവളത്തിലെത്തി. തിരികെ എത്തിയവരിൽ 329 പേരും ഇന്ത്യക്കാരാണ്. രണ്ട് നേപ്പാൾ പൗരൻമാരും സംഘത്തിലുണ്ട്.

ഞായറാഴ്ച്ച രാവിലെ കാബൂളിൽ കുടുങ്ങിയ 87 ഇന്ത്യക്കാരെ ഡൽഹിയിൽ എത്തിച്ചിരുന്നു. ഇവരെ കാബൂളിൽ നിന്നും തജികിസ്ഥാൻ തലസ്ഥാനമായ ദുഷാൻബേയിൽ എത്തിച്ചതിന് ശേഷം അവിടെ നിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ അതിരാവിലെ ഡൽഹിയിൽ എത്തിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. 

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ മൂന്നൂറോളം ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചെത്തുന്നവർക്ക് സൗജന്യ പോളിയോ വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്തത് ഒരാഴ്ച്ച പിന്നിടുമ്പോൾ വിദേശികളും സ്വദേശികളുമായി ആയിരങ്ങളാണ് രാജ്യം വിടുന്നത്. കാബൂൾ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തുന്ന പൗരൻമാർക്ക് അമേരിക്ക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് സുരക്ഷാ ഭീഷണിയുണ്ടെന്നും കനത്ത ജാഗ്രത പുലർത്തണമെന്നും യുഎസ് അറിയിച്ചു. ഇന്നലെ മാത്രം 17,000 പേരെയാണ് യുഎസ് നിയന്ത്രണത്തിലുള്ള കാബൂൾ വിമാനത്താവളത്തിൽ നിന്ന് അഫ്ഗാന് പുറത്ത് എത്തിച്ചത്. ഇതിൽ 2,500ൽ അധികം പേർ യുഎസ് പൗരൻമാരാണ്.

അഫ്ഗാനിസ്താനിലുള്ള മുഴുവന്‍ ഇന്ത്യാക്കാരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഇതിനിടയിൽ, താലിബാനെ അംഗീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. ഭീകരരുമായി ചർച്ചയ്ക്കില്ലെന്നും യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് പറഞ്ഞു. അഫ്ഗാൻ വിടാൻ ശ്രമിക്കുന്നവരുടെ രക്ഷാപ്രവർത്തനത്തിന് വേണ്ടി താലിബാനുമായി സഹകരിച്ച് പ്രവ‌ർത്തിക്കുന്നുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയൻ അവരെ അംഗീകരിച്ചതായി നിലവിലെ സാഹചര്യത്തിൽ പറയാൻ കഴിയില്ലെന്നും കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K