18 August, 2021 05:05:48 PM


സുനന്ദ പുഷ്കറിന്‍റെ മരണം: ശശി തരൂരിനെ കുറ്റവിമുക്തനാക്കി കോടതി



ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി. പ്രതിപ്പട്ടികയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. അഡീഷണൽ സെഷൻസ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പറഞ്ഞത്. നേരത്തെ ആത്മഹത്യപ്രേരണക്കുറ്റവും ഗാർഹിക പീഡനവും തരൂരിനെതിരെ ചുമത്താമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ വാദം തള്ളിക്കൊണ്ടാണ്​ കോടതിയിൽ നിന്നും നിർണായക വിധിയുണ്ടായിരിക്കുന്നത്​.

കുറ്റംചുമത്താനുള്ള തെളിവുകൾ ശശി തരൂരിനെതിരെയില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്​. 2014ല്‍ നടന്ന സംഭവത്തില്‍ മുൻ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പൊലീസ് വാദിച്ചത്. എന്നാല്‍ സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു ശശി തരൂരിന്റെ വാദം. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

മൂന്ന് തവണ കേസ് വിധി പറയുന്നതിനായി മാറ്റി വെച്ചിരുന്നു. കേസില്‍ കൂടുതല്‍ വാദങ്ങൾ സമർപ്പിക്കാൻ അനുമതി തേടി ഡല്‍ഹി പൊലീസ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഡൽഹി പൊലീസിന് കൂടുതൽ കാര്യങ്ങൾ സമർപ്പിക്കാനുണ്ടെങ്കിൽ സമർപ്പിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഇനിയൊരു അപേക്ഷയ്ക്ക് അനുമതി നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു.

ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നാണ് പബ്ലിക്  പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ  വാദിച്ചത്. എന്നാൽ സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ മൊഴി നല്‍കിയത്. മരണത്തിൽ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകൻ ശിവ് മേനോനും  വ്യക്തമാക്കിയിരുന്നു. സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തിൽ ഉറച്ചുനില്‍ക്കുമ്പോൾ ആത്മഹത്യാ പ്രേരണ കുറ്റം എങ്ങനെ ചുമത്താനാകുമെന്നായിരുന്നു തരൂരിന്റെ അഭിഭാഷകൻ അഡ്വ. വികാസ് പഹ്വയുടെ വാദം.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും മറ്റ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സുനന്ദയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് സൂചിപ്പിക്കുന്നത്. വര്‍ഷങ്ങളായി അന്വേഷിച്ചിട്ടും മരണകാരണം കണ്ടെത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. സുനന്ദയുടേത്  ആകസ്മിക മരണമായി കണക്കാക്കണമെന്നും തരൂർ വാദിച്ചു.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ ഭാര്യ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം വലിയ വിവാദങ്ങൾക്ക്​ കാരണമായിരുന്നു.  ആദ്യം കൊലപാതമാണെന്ന് അവകാശപ്പെട്ടെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. ഒടുവില്‍ ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ഐ പി സി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂറിനെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K