16 August, 2021 11:23:04 AM
കാബൂളിലേക്കുള്ള വിമാനം നേരത്തെയാക്കി എയർ ഇന്ത്യ; കൂടുതൽ വിമാനങ്ങൾ അയച്ചേക്കും
ന്യൂഡൽഹി: താലിബാൻ ഭീകരർ കീഴടക്കിയ അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയിൽ നിന്ന് അടിയന്തരമായി വിമാനം തിരിക്കും. ഡൽഹിയിൽ നിന്ന് രാത്രി 8.30ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടും. രണ്ട് വിമാനങ്ങള്‍ കൂടി തയാറാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. അടിയന്തര യാത്രയ്ക്ക് തയാറെടുത്തിരിക്കാൻ ജീവനക്കാർക്കും നിർദേശം നല്‍കിയിട്ടുണ്ട്.
അഫ്ഗാനില്‍ സൈന്യവും താലിബാനും പോരാട്ടം മുറുകിയതോടെ പൗരന്മാരോട് സുരക്ഷിതമായി ഇന്ത്യയിലെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഏകദേശം ആയിരത്തോളം ഇന്ത്യക്കാര്‍ അഫ്ഗാനിലുണ്ടെന്നാണ് കണക്ക്. താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറും എന്ന സാഹചര്യമുണ്ടായതോടെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും രാജ്യങ്ങള്‍ തിരിച്ചുവിളിച്ച് തുടങ്ങിയിരുന്നു.
അതേസമയം, താലിബാന് നിയന്ത്രണമേറ്റെടുത്ത അഫ്ഗാനിസ്ഥാന്റെ പുതിയ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാൻ പതാക ഉയർത്തിയിരുന്നു. നേരത്തെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിനു മുമ്പ് അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരിന്റെ പേര് ഇതായിരുന്നു