13 August, 2021 04:12:49 PM
'മരണ സർട്ടിഫിക്കറ്റിലും നരേന്ദ്ര മോദിയുടെ ചിത്രം വെക്കണം'; പരിഹാസവുമായി മമത ബാനർജി
കൊൽക്കത്ത: കോവിഡ് വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതു പോലെ മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആളുകളെ പിന്തുണയ്ക്കാത്ത ഒരു വ്യക്തിയുടെ ചിത്രമാണ് വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ നിര്‍ബന്ധമാക്കിയിരിക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു. യു പി എസ് സി പരീക്ഷയ്ക്ക് ചോദിക്കുന്നത് ബി ജെ പി നല്‍കിയ ചോദ്യങ്ങളാണെന്നും. യു പി എസ്‍ സിയെ തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും മമത ആരോപിച്ചു.
"ഒരു വ്യക്തി നിങ്ങളെ പിന്തുണയ്ക്കുന്നില്ലായിരിക്കും, പക്ഷെ നിങ്ങളുടെ ചിത്രം കോവിഡ് 19 വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ നിര്‍ബന്ധമാക്കിയിരിക്കുന്നു. എനിക്ക് നിങ്ങളെ ഇഷ്ടമല്ലായിരിക്കും, എന്നിട്ടും ഞാൻ ഇത് കൊണ്ടു നടക്കണം. എവിടെയാണ് സ്വാതന്ത്ര്യം? നിങ്ങള്‍ മരണ സര്‍ട്ടിഫിക്കറ്റിൽ കൂടി ചിത്രം നിര്‍ബന്ധമാക്കണം." - സംസ്ഥാന സെക്രട്ടറിയേറ്റിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ മമത പറഞ്ഞു.
കോവിഡ് കേസുകളിലെ വര്‍ധനവ് കാരണം ബംഗാളിൽ വീണ്ടും ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനിടയിലാണ് മമത ബാനര്‍ജിയുടെ പരാമർശം. സംസ്ഥാനത്ത് ഓഗസ്റ്റ് 30 വരെ നിയന്ത്രണങ്ങള്‍ നീട്ടിയതായി മമത അറിയിച്ചു. രാത്രി കര്‍ഫ്യൂ നിയമത്തിൽ രണ്ട് മണിക്കൂര്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും ലോക്കൽ ട്രെയിൻ സര്‍വീസിനുള്ള നിയന്ത്രണം തുടരും. രാത്രി 11 മണിയ്ക്കും പുലര്‍ച്ചെ 5 മണിയ്ക്കും ഇടയിലാണ് കര്‍ശന നിയന്ത്രണങ്ങളുള്ളത്.
യു പി എസ് സി പരീക്ഷയിൽ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് അക്രമങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങളിലും മമത ബാനര്‍ജി പ്രതിഷേധമറിയിച്ചു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് അതിക്രമങ്ങളെപ്പറ്റി 200 വാക്കിൽ എഴുതുക എന്നതായിരുന്നു ചോദ്യം. കൂടാതെ ഡൽഹിയിലെ ഓക്സിജൻ ക്ഷാമം സംബന്ധിച്ചും കര്‍ഷക പ്രക്ഷോഭം സംബന്ധിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. എന്നാൽ ഈ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും മമത ബാനര്‍ജി പറഞ്ഞു. യു പി എസ്‍ സിയെപ്പോലെ ഒരു ഉന്നത സ്ഥാപനത്തിന് എങ്ങനെയാണ് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താൻ സാധിക്കുന്നതെന്നും മമത ബാനര്‍ജി ചോദിച്ചു.