13 August, 2021 01:44:52 PM
രാജ്യത്തെ ആദ്യ ഡെൽറ്റ പ്ലസ് മരണം മുംബൈയിൽ; മരിച്ചത് രണ്ടു ഡോസ് വാക്സിനുമെടുത്ത 63കാരി
മുംബൈ: കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് ബാധിച്ച് രാജ്യത്തെ ആദ്യ മരണം മുംബൈയിൽ റിപ്പോർട്ട് ചെയ്തു. ജൂലൈ 27ന് മരിച്ച സ്ത്രീയിലാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷൻ വ്യക്തമാക്കുന്നത്. 63കാരിയാണ് ഡെല്‍റ്റ പ്ലസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രണ്ട് ഡോസ് വാക്‌സിനെടുത്ത സ്ത്രീയാണ് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മരിച്ചത്. ജൂലൈ ഒടുവിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
മരണം സംഭവിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഡെല്‍റ്റ പ്ലസ് ബാധിച്ചതായി കണ്ടെത്തിയത്. ഇവര്‍ക്ക് ശ്വാസകോശത്തില്‍ അണുബാധയടക്കമുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ജൂലൈ 21നാണ് 63കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. 27ന് മരിച്ചു. ഇവരുടെ കുടുംബത്തിലെ മറ്റ് ആറു പേർക്ക് കൂടി ഡെൽറ്റ പ്ലസ് വകഭേദം പിടിപെട്ടിട്ടുണ്ട്. ഇതിൽ രണ്ടു പേർ കോവിഡ് മുക്തരായി. നാലു പേർ ഇപ്പോഴും ചികിത്സയിലാണ്.
കോവിഡ് അണുബാധയ്‌ക്ക് മുമ്പ് വീട്ടിൽ ഓക്സിജൻ ചികിത്സ സ്വീകരിക്കുന്ന ഇന്റർസ്റ്റീഷ്യൽ ശ്വാസകോശരോഗത്തിനും ശ്വാസതടസത്തിനും ചികിത്സയിൽ ഇരിക്കവെയാണ് 63കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് ചികിത്സിച്ച ഡോ. ഗോമറെ പറഞ്ഞു, അവർ കഴിഞ്ഞ മാസങ്ങളിലൊന്നും യാത്ര ചെയ്തിരുന്നില്ല. വരണ്ട ചുമ, രുചി നഷ്ടപ്പെടൽ, ശരീരവേദന, തലവേദന എന്നീ പ്രാരംഭ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് കോവിഡ് പരിശോധന നടത്തിയത്. കോവിഷീൽഡിന്റെ രണ്ട് ഡോസ് വാക്സിൻ ഇവർ കുത്തിവെച്ചിരുന്നതായും ബിഎംസി പറഞ്ഞു.
ഈ വർഷം ആദ്യം മഹാരാഷ്ട്രയിലാണ് രാജ്യത്ത് ആദ്യമായി ഡെൽറ്റ പ്ലസ് അഥവാ 'AY.1' കോവിഡ് വകഭേദം കണ്ടെത്തിയത്. വളരെ വ്യാപകമായ ഡെൽറ്റ വേരിയന്റിൽ (B.1.617.2) ജനിതകമാറ്റം വന്നതാണ് ഡെൽറ്റ പ്ലസ് വകഭേദം. വ്യാഴാഴ്ച മഹാരാഷ്ട്രയിൽ കോവിഡ് കേസുകളിലും മരണങ്ങളിലും നേരിയ വർദ്ധനവ് റിപ്പോർട്ട് ചെയ്തു. പുതിയതായി 6,388 കോവിഡ് കേസുകളാണ് കണ്ടെത്തിയത്. ഒരാഴ്ചയിലെ ഏറ്റവും ഉയർന്ന മരണ നിരക്കും കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 200 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.