05 August, 2021 02:51:45 PM
പെഗാസസ് ചോർത്തൽ; ഹർജികൾ ചൊവ്വാഴ്ചത്തേക്ക് മാറ്റി സുപ്രീം കോടതി
ന്യൂഡൽഹി: പെഗാസസ് ഫോണ് ചോർത്തലിൽ പ്രത്യേക അന്വേഷണം (എസ്ഐടി) ആവശ്യപ്പെട്ടുള്ള ഹർജികൾ ചൊവ്വാഴ്ചത്തേക്ക് മാറ്റി സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് എൻ.വി രമണ, ജസ്റ്റീസ് സൂര്യകാന്ത് എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. കേന്ദ്രസർക്കാരിനെ കൂടി കേൾക്കുന്നതിനാണ് കേസ് മാറ്റിയതെന്നാണ് വിവരം.
ഹർജികളുടെ പകർപ്പ് കേന്ദ്രസർക്കാരിനും കൂടി നൽകാൻ ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു. മാധ്യമങ്ങളിൽവന്ന വിവരങ്ങൾ സത്യമാണെങ്കിൽ ഗുരുതരമായ വിഷയമാണിതെന്ന് കോടതി കേസ് പരിഗണിക്കുന്നതിനിടെ വാക്കാൽ പറഞ്ഞു. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ജോൺ ബ്രിട്ടാസ്, അഭിഭാഷകനായ എംഎൽ ശർമ എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്.