04 August, 2021 03:59:00 PM
പെഗാസസിൽ രാജ്യസഭയിലും ബഹളം; ആറ് തൃണമൂൽ എംപിമാർക്ക് സസ്പെൻഷൻ
ന്യൂഡല്‍ഹി: പെഗാസസ് വിഷയത്തിൽ രാജ്യസഭയിൽ പ്രതിഷേധം. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ആറ് തൃണമൂൽ കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് പുറത്താക്കിയത്. ഡോല സെൻ, നാദിമുൾ ഹക്ക്, അബിർ രഞ്ജൻ ബിശ്വാസ്, ഷന്ത ഛേത്രി, അർപിത ഘോഷ്, മൗസം നൂർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പ്ലക്കാർഡുമായി നടുത്തളത്തിലെത്തിയ എംപിമാരോട് തിരികെ സീറ്റിലേക്കുപോകാൻ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു ആദ്യം ആവശ്യപ്പെട്ടു. കൂട്ടാക്കാതിരുന്ന തൃണമൂൽ നേതാക്കൾക്കെതിരെ 255 ാം വകുപ്പ് പ്രയോഗിക്കുമെന്ന് വെങ്കയ്യ നായിഡു ഭീഷണിമുഴക്കി. സഭ തുടങ്ങിയപ്പോൾ തന്നെ പെഗാസസ് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആറു പേരെ രാജ്യസഭാ ചെയർമാൻ പുറത്താക്കിയത്.