03 August, 2021 06:00:58 PM
'കൊങ്കുനാട്' സംസ്ഥാനം ഇല്ല; തമിഴ്നാട് വിഭജനം പരിഗണനയിലില്ല - കേന്ദ്ര സർക്കാർ
ന്യൂഡൽഹി : തമിഴ്നാട് വിഭജനം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് യാതൊരു നിർദ്ദേശങ്ങളും നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. തമിഴ്‌നാട് ഉൾപ്പെടെ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനം വിഭജിക്കാൻ സർക്കാരിന് എന്തെങ്കിലും നിർദ്ദേശം ഉണ്ടോയെന്ന് രണ്ട് തമിഴ്‌നാട് എംപിമാർ ലോക്സഭയിൽ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തരത്തിൽ വിഭജിക്കാൻ ആവശ്യം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ എന്നും അവര്‍ പാര്‍ലമെന്റിൽ ചോദിച്ചു. ഇതിന് മറുപടിയായാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഡിഎംകെയുടെ എംപിയായ എസ് രാമലിംഗവും ഐജികെയുടെ എംപിയായ ടി ആര്‍ പരിവേന്ദറുമാണ് സഭയിൽ ഇക്കാര്യം ഉന്നയിച്ചത്. ഇത്തരത്തിൽ ഒരു വിഭജനത്തിന്റെ കാരണങ്ങള്‍, ഉദ്ദേശം, ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും ഇരുവരും ചോദിച്ചു. ഈ ചോദ്യങ്ങൾക്ക് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. പുതിയ സംസ്ഥാനങ്ങൾ സൃഷ്ടിക്കുന്നതിനായി വിവിധ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും കാലാകാലങ്ങളിൽ ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിലൂടെ അനന്തരഫലങ്ങളും നമ്മുടെ രാജ്യത്തെ ഫെഡറൽ രാഷ്ട്രീയത്തെ നേരിട്ട് ബാധിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
പ്രസക്തമായ എല്ലാ ഘടകങ്ങളേയും കണക്കിലെടുത്തതിന് ശേഷം മാത്രമേ പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന കാര്യത്തിൽ സര്‍ക്കാര്‍ കടക്കൂ എന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, നിലവിൽ അത്തരത്തിൽ ഒരു നിര്‍ദ്ദേശവും പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ, തമിഴ്നാട് വിഭജനത്തെ സംബന്ധിച്ച് കിംവദന്തിക്ക് വിരാമമായി.
കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകൾ ഉൾപ്പെടുന്ന പ്രദേശത്തിന് കീഴിൽ പത്തു ലോക്‌സഭ മണ്ഡലങ്ങളും 61 നിയമസഭ മണ്ഡലങ്ങളുമുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾ കൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുമുമ്പ് കൊങ്കുനാട് സംസ്ഥാനമാക്കി മാറ്റാൻ ബിജെപി ശ്രമിക്കുന്നു എന്നായിരുന്നു പ്രചാരണം.
ബിജെപി പുതിയ കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടപ്പോൾ തമിഴ്‌നാട് മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന എൽ മുരുകൻ 'കൊങ്കുനാട്' സ്വദേശിയാണെന്നാണ് പരാമർശിക്കപ്പെട്ടത്. കേന്ദ്രമന്ത്രിമാരുടെ പട്ടികയുടെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് കൊങ്കുനാട് വിവാദമായി മാറിയത്. തമിഴ്നാട് എന്നതിന് പകരം കൊങ്കുനാട് എന്ന് ഉപയോഗിച്ചതാണ് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. തുടർന്ന് ഭരണകക്ഷിയായ ഡിഎംകെ-കോൺഗ്രസ് സഖ്യം ബിജെപിയെ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഡിഎംകെ ആരോപിച്ചു.
'കൊങ്കുനാട്' എന്നത് പടിഞ്ഞാറൻ തമിഴ്‌നാടിനെയാണ് സൂചിപ്പിക്കുന്നത്. നാമക്കൽ, സേലം, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവ ഉൾപ്പെടുന്ന പ്രദേശമാണിത്. ഭൂമിശാസ്ത്രപരമായി കൊങ്കുനാട് എന്ന് പറയുമെങ്കിലും ഔദ്യോഗികമായി ഈ പേരിൽ ഒരു സ്ഥലവും നിലവിലില്ല. എന്നാൽ ചരിത്ര പരമായി ഇത്തരം ഒരു രാജ്യം ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകൾക്കൊപ്പം പാലക്കാട് ജില്ലയിലെ ചില ഭാഗങ്ങളും കർണാടകത്തിലെ ചാമരാജ് നഗർ ജില്ലയുടെ ചില ഭാഗങ്ങളും ചേർന്നതാണ് ചരിത്രത്തിലെ കൊങ്കുനാട്.
ഗൗണ്ടർ സമുദായത്തിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഈ പ്രദേശം അണ്ണാ.ഡി.എം.കെയുടെയും ശക്തികേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. പണവും ശക്തിയും ഉള്ള സംസ്ഥാനത്തെ ശക്തമായ ഒബിസി സമുദായമാണ് ഗൗണ്ടർ. ഈ വിഭാഗക്കാർ പലപ്പോഴും സംസ്ഥാന മന്ത്രിസഭയിൽ കാര്യമായ പ്രാതിനിധ്യവും നേടാറുണ്ട്. കേന്ദ്രമന്ത്രി മുരുകൻ പടിഞ്ഞാറൻ തമിഴ്‌നാട്ടിലെ നാമക്കലിനടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നുള്ളയാളാണ്. അദ്ദേഹത്തിന്റെ പിൻഗാമിയായ കെ അണ്ണാമലൈയും ഇതേ പ്രദേശത്തു നിന്നുള്ളയാളാണ്. കോയമ്പത്തൂരിൽ കമലാഹാസനെ പരാജയപ്പെടുത്തിയ മഹിളാ മോർച്ച ദേശീയ അധ്യക്ഷ വനതി ശ്രീനിവാസനും ഈ പ്രദേശത്തു നിന്നുള്ളവരാണ്.