03 August, 2021 05:22:46 PM
വാളയാര്‍ ഉള്‍പ്പെടെ കേരളാ അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്നാട്
പാലക്കാട്: കേരളാ അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്നാട്. 72 മണിക്കൂർ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റോ തിങ്കളാഴ്‌ച മുതൽ തമിഴ്നാട് നിർബന്ധമാക്കി. കൂടുതൽ പൊലീസ്, ആരോഗ്യ പ്രവർത്തകരെ അതിർത്തിയിൽ വിന്യസിച്ചു. തമിഴ്നാട് കൊവിഡ് പോർട്ടലിൽ രജിസ്ട്രേഷനും നിർബന്ധമാക്കി. ഇതൊന്നുമില്ലാത്തവരെ ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയാണ് കടത്തിവിട്ടത്.
വാളയാറിന് പുറമെ ഗോപാലപുരം, വേലന്താവളം, നടുപ്പുണ്ണി, മീനാക്ഷീപുരം, ഗോവിന്ദാപുരം, ആനക്കട്ടി ചെക്‌പോസ്റ്റുകളിലും ചൊവ്വാഴ്‌ച മുതൽ പരിശോധന കർശനമാക്കും. ഇരു സംസ്ഥാനങ്ങളിലെയും ബസുകൾ വാളയാർ വരെയാണ് സർവീസ്. കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾക്ക് നിർദേശം ബാധകമല്ല. പെർമിറ്റുള്ള വാഹനങ്ങൾക്ക് പോകാൻ പ്രത്യേക സൗകര്യമുണ്ട്. ഡ്രൈവർ, ക്ലീനർ എന്നിവരുടെ താപനില പരിശോധിക്കും. അവശ്യ സാധനമടക്കം തടസ്സപ്പെടാതിരിക്കാനാണ് ഇളവ്.
അതിർത്തിയിൽ കേരളവും പരിശോധന കർശനമാക്കിയിട്ടുണ്ട്. വാളയാറിൽ ഇ-പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്. സംഘമായി അതിർത്തി കടക്കുന്ന അതിഥി തൊഴിലാളികളെ ആന്റിജൻ പരിശോധനയ്ക്കും വിധേയരാക്കുന്നു. ജില്ലാ ആശുപത്രിയിലെ മൊബൈൽ ലാബ് വാളയാറിൽ സജ്ജമാക്കി. തലപ്പാടി അതിർത്തിയിൽ ചൊവാഴ്ച കൊവിഡ് പരിശോധനാ കേന്ദ്രം ആരംഭിക്കുമെന്ന് കാസർകോട് കലക്ടർ സ്വാഗത് ആർ ഭണ്ഡാരി അറിയിച്ചു.