03 August, 2021 11:33:17 AM
വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ പാക്കിസ്ഥാന്‍ കൗമാരക്കാരൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തി
കച്ച്: പാകിസ്ഥാൻ സ്വദേശിയായ കൗമാരക്കാരന്‍ വീട്ടുകാരോട് വഴക്കുണ്ടാക്കി അവസാനം എത്തിചേര്‍ന്നത് ഇന്ത്യയില്‍. അതും അതിർത്തി കടന്ന്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖാവ്ദ അതിർത്തിക്ക് സമീപത്ത് നിന്നാണ് 15കാരനായ പാക്കിസ്ഥാൻ ബാലനെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ പിടികൂടിയത്. അതിർത്തിയിലെ പില്ലർ നമ്പർ 1099 ന് സമീപം വേലി മുറിച്ചുകടന്നാണ് കുട്ടി ഇന്ത്യയിലെത്തിയത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ബാലനെ ബിഎസ്എഫ് ഉദ്യോഗസ്ഥർ അതിർത്തി പ്രദേശത്ത് തടഞ്ഞുവച്ചത്.
പാക്കിസ്ഥാനിലെ താർപാർക്കർ ജില്ലയിലെ സിന്ധ് സാഹിചോക്ക് സ്വദേശിയാണ് കുട്ടി. ബിഎസ്എഫ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, കുട്ടി തന്റെ കുടുംബാംഗങ്ങളുമായി വഴക്കുണ്ടാക്കുകയും വീട്ടിൽ നിന്ന് ഓടിപ്പോരുകയും ആയിരുന്നെന്ന് കണ്ടെത്തി. ഇക്കാര്യം കുട്ടി തന്നെയാണ് വ്യക്തമാക്കിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഖാവ്ദ ഗ്രാമത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വൈദ്യപരിശോധനയും പൂർത്തിയാക്കിയ ശേഷം ബിഎസ്എഫ് ഉദ്യോഗസ്ഥർ കുട്ടിയെ ഖാവ്ദ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.