30 July, 2021 08:26:16 AM
ഡെലിവറി ബോയിക്ക് മർദനം; നാല് ശിവസേന പ്രവർത്തകർ അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയില്‍ ഡെലിവറി ബോയിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് ശിവസേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ കാണ്ഡിവാലിയിലെ പോയിസറില് വച്ചാണ് അക്രമം നടന്നത്.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ജയ്ഹിന്ദ് ചൗള്‍ നിവാസിയായ രാഹുല്‍ ശര്‍മ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കുന്നതിനായാണ് രാഹുല്‍ പോയിസര്‍ മേഖലയില്‍ എത്തിയത്. എന്നാല്‍ മഴ പെയ്തതിനെ തുടര്‍ന്ന് ശിവസേനയുടെ ഓഫീസിനു മുന്നിലുള്ള സ്ഥലത്ത് മഴ നനയാതിരിക്കാന്‍ രാഹുല്‍ കയറി നിന്നു.
ഈ സമയം ഇതുവഴി വന്ന ശിവസേന പ്രവര്ത്തകന് ചന്ദ്രകാന്ത് നിനെവുമായി രാഹുല്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് ഇവിടെ എത്തിയ അഞ്ച് പേരും ചേര്‍ന്ന് രാഹുലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രാഹുലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേരെകൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.