24 July, 2021 02:17:46 PM


നിറതോക്ക് താടിയില്‍ മുട്ടിച്ച്‌ സെല്‍ഫി; വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം




ലക്‌നൗ: നിറതോക്ക് കൈയില്‍ പിടിച്ച്‌ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവതി വെടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയിലാണ് സംഭവം. ഇരുപത്തിയാറുകാരിയായ രാധിക ഗുപ്തയാണ് മരിച്ചത്. തോക്ക് താടിയില്‍ മുട്ടിച്ച്‌ ട്രിഗര്‍ അമര്‍ത്തുന്ന വിധത്തില്‍ സെല്‍ഫി എടുക്കാനായിരുന്നു രാധികയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. നിറതോക്ക് ആയിരുന്നോയെന്ന് അവര്‍ക്ക് അറിയാമായിരുന്നോയെന്ന് വ്യക്തമല്ല.


ഭര്‍തൃപിതാവ് രാജേഷ് ഗുപ്തയുടെ സിംഗിള്‍ ബാരല്‍ തോക്കാണ് അപകടത്തിനിടയാക്കിയത്. കഴിഞ്ഞ മെയിലാണ് രാജേഷ് ഗുപ്തയുടെ മകന്‍ ആകാശുമായി രാധികയുടെ വിവാഹം നടന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ രാധികയുടെ പിതാവ് പൊലീസ് പരാതി നല്‍കി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചിരിക്കുകയായിരുന്ന തോക്ക് വ്യാഴാഴ്ചയാണ് ആകാശ് തിരിച്ചുകൊണ്ടുവന്നത്. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ആയിരുന്നു തോക്ക് സൂക്ഷിച്ചിരുന്നത്. അതുവച്ച്‌ രാധിക സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് രാജേഷ് ഗുപ്ത പറഞ്ഞു.


മൂന്നു മണിയോടെയാണ് ആകാശ് തോക്കു കൊണ്ടുവന്നത്. നാലു മണിയോടെയാണ് മുറിയില്‍നിന്നു വെടിയൊച്ചയുടെ ശബ്ദം കേട്ടത്. ഓടിച്ചെന്നപ്പോള്‍ രാധികയ്ക്കു വെടിയേറ്റതു കണ്ടു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് രാജേഷ് ഗുപ്ത പറഞ്ഞു. ഫോണിന്റെ കാമറ സെല്‍ഫി മോഡില്‍ ഓണ്‍ ആയിരുന്നെന്നും രാജേഷ് പറഞ്ഞു. തോക്കും ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. യുവതി തോക്കുമായി നില്‍ക്കുന്ന ഒരു ചിത്രം കാമറയില്‍ പതിഞ്ഞിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K