24 July, 2021 01:49:18 PM
ഭാരതമാതാവിനെ അപമാനിച്ച് വിദ്വേഷ പ്രസംഗം; ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍
മധുര : ഭാരത മാതാവിനെ അപമാനിച്ച് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. കന്യാകുമാരി സ്വദേശി ജോര്‍ജ് പൊന്നയ്യയെയാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. മധുരയില്‍ നിന്നാണ് ജോര്‍ജ് പൊന്നയ്യയെ പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച കന്യാകുമാരി അരമനയില്‍ നടന്ന യോഗത്തിലാണ് ഭാരതമാതാവിനെ അപമാനിച്ചുകൊണ്ട് ജോര്‍ജ് പൊന്നയ്യന്‍ പ്രസംഗിച്ചത്. ഭൂമിയെ ദേവിയായി കാണുന്നതിനാല്‍ ചെരുപ്പ് ഇടാറില്ലെന്ന ബിജെപി എംഎല്‍എ എം ആര്‍ ഗാന്ധിയുടെ പ്രസ്താവനയോടു പ്രതികരണമായാണ് ജോര്‍ജിന്റെ പരാമര്‍ശം.
42 ശതമാനമുള്ള ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമാണെന്നാണ് ഹിന്ദുക്കള്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കന്യാകുമാരിയില്‍ തങ്ങള്‍ 62 ശതമാനമുണ്ട്. ഉടന്‍ തന്നെ അത് 70 ശതമാനം കടക്കും. ഇനിയും തങ്ങളുടെ ജനസംഖ്യ വര്‍ധിപ്പിക്കും. ആര്‍ക്കും തടയാനാകില്ല. ഇത് ഹിന്ദുക്കള്‍ക്കുള്ള മുന്നറിയിപ്പാണ്. ബിജെപിയേയോ ആര്‍എസ്‌എസിനെയോ ഭയപ്പെടുന്നില്ലെന്നും, ആര്‍ക്കും തടയാനാകില്ലെന്നും ജോര്‍ജ് പൊന്നയ്യ അഭിപ്രായപ്പെട്ടു.
വിവാദ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ, ജോര്‍ജ് പൊന്നയ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും ഹിന്ദു സംഘടനകളും രംഗത്തെത്തി. കന്യാകുമാരിയില്‍ മാത്രം 30 ല്‍ അധികം പരാതികളാണു പൊലീസിന് ലഭിച്ചത്. ഇതോടെ കന്യാകുമാരിയില്‍ നിന്നും മുങ്ങിയ ജോര്‍ജ് പൊന്നയ്യയെ, മധുരയിലെ കല്ലിക്കുടിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ജോര്‍ജ് പൊന്നയ്യയെ പിടികൂടാന്‍ കന്യാകുമാരി പൊലീസ് അഞ്ച് പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പുരോഹിതന്‍ പിടിയിലായത്. മതസ്പര്‍ധ, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കല്‍, കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്നു യോഗം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ജോര്‍ജ് പൊന്നയ്യനു മേല്‍ ചുമത്തിയിട്ടുണ്ട്. പ്രസംഗം വിവാദമായതോടെ, പരാമര്‍ശത്തില്‍ ജോര്‍ജ് പൊന്നയ്യ കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞിരുന്നു.