20 July, 2021 01:03:20 PM


ബക്രീദ് ഇളവ്; കേരളത്തിന്‍റെ വിശദീകരണം ഞെട്ടിക്കുന്നത് - സുപ്രിംകോടതി



ന്യൂ ഡല്‍ഹി: ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി. സത്യവാങ്മൂലത്തിന് അനുബന്ധമായി സമർപ്പിച്ച രേഖകളിലെ വിവരങ്ങൾ അസത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്വർണക്കടകളും ചെരുപ്പ് കടകളും തുറക്കുമെന്ന് രേഖകളിൽ കാണാനില്ലെന്ന് ജസ്റ്റിസ് ആർഎഫ് നരിമാൻ നിരീക്ഷിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് സർക്കാർ കണ്ണുംപൂട്ടി പറയുകയാണെന്നും ഇളവുകൾ സംബന്ധിച്ച് കേരളത്തിന്റെ വിശദീകരണം ഞെട്ടിക്കുന്നതാണെന്നും സുപ്രിംകോടതി പറഞ്ഞു. തൻവാർ കേസിൽ പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സമ്മർദത്തിന് വഴങ്ങിയുള്ള കൊവിഡ് ഇളവ് തീരുമാനം ദയനീയമാണെന്ന് സുപ്രിംകോടതി പറഞ്ഞു.


പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ഇളവുകൾ വേണമെന്ന വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്ത് വാരാന്ത്യ ലോക്ഡൗണിൽ ഇളവ് അനുവദിച്ചിരുന്നു. ഇളവുകൾ നൽകിയത് വിദഗ്ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷമാണെന്നായിരുന്നു കേരളത്തിന്റെ വിശദീകരണം. ചില മേഖലകളിൽ മാത്രമാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്നും ടിപിആർ കുറച്ചുകൊണ്ടുവരാൻ ശ്രമം തുടരുകയാണെന്നും സംസ്ഥാനം അറിയിച്ചു. കൊവിഡ് കേസുകളുടെ വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടി.

കേരളത്തിൽ പെരുന്നാൾ ഇളവുകൾ റദ്ദാക്കണമെന്ന ഹർജിയിൽ ഇന്നലെ തന്നെ സംസ്ഥാന സർക്കാർ മറുപടി സമർപ്പിക്കണമെന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു. ഇന്നലെതന്നെ സത്യവാങ്മൂലം സമർപ്പിക്കാൻ സ്റ്റാന്റിംഗ് കൗൺസലിന് സുപ്രിംകോടതി നിർദേശം നൽകി. വിശദീകരണത്തിന് കൂടുതൽ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. തുടർന്നാണ് സംസ്ഥാനം ഇന്നലെ തന്നെ മറുപടി സമർപ്പിച്ചത്.


വ്യവസായിയായ ന്യൂഡൽഹി സ്വദേശി പി കെ ഡി നമ്പ്യാർ ആണ് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഹർജി നൽകിയത്. രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ കേരളത്തിലാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ബക്രീദിനോടനുബന്ധിച്ച് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കടകൾ എല്ലാം തുറക്കാൻ സർക്കാർ അനുമതി നൽകിയത്. സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു. മൂന്നാം തരംഗം പടിവാതിലിൽ എത്തിനിൽക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോഗ ബാധ കൂട്ടിയേക്കാമെന്നാണ് വ്യാപക വിമർശനം.


പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ഇളവുകൾ വേണമെന്ന വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്ത് വാരാന്ത്യ ലോക്ഡൗണിൽ ഇളവ് അനുവദിച്ചിരുന്നു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൂടുതൽ വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയ്ക്കും പ്രവർത്തനാനുമതി ഉണ്ടാകും. രാത്രി എട്ടുവരെയാണ് അനുമതി. എ,ബി,സി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശഭരണസ്ഥാപന പരിധികളിലാണ് ഇളവുകൾ ബാധകമാവുക. ഡി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശഭരണ സ്ഥാപന പരിധികളിൽ നാളെ ഒരു ദിവസത്തേക്ക് പെരുന്നാൾ പ്രമാണിച്ച് ഇളവ് അനുവദിച്ചിട്ടുണ്ട്.


എ, ബി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. തിങ്കൾ മുതൽ വെള്ളി വരെ ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകളും വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിക്കും. രാവിലെ 7 മുതൽ രാത്രി 8 വരെയാണ് പ്രവർത്തനാനുമതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K