18 July, 2021 08:06:05 PM
ആശുപത്രിയുടെ അഞ്ചാം നിലയിൽ ഓട്ടോറിക്ഷ; സംഭവത്തിൽ ദുരൂഹതയെന്ന് അധികൃതര്‍
ഭോപ്പാല്‍: മധ്യപ്രദേശിൽ ആശുപത്രിയുടെ അഞ്ചാം നിലയിൽ ഓട്ടോറിക്ഷ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ചിന്ദ്വാരയിലെ ആശുപത്രിയിലാണ് സംഭവം. രോഗികളെ കൊണ്ടുപോകാനുള്ള റാംപിലൂടെയാണ് ഓട്ടോറിക്ഷ മുകളിലെത്തിയതെന്നാണ് വിശദീകരണം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായി എത്തിയ ഓട്ടോറിക്ഷയാണ് അഞ്ചാം നിലയിലെത്തിയത്. റാംപ് വഴിയാണ് ഓട്ടോറിക്ഷ മുകളിലെത്തിയതെന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്.
സാധനങ്ങൾ ഇറക്കാൻ ആശുപത്രി ജീവനക്കാർ തയ്യാറായില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് താൻ ഓട്ടോറിക്ഷ മുകളിലെത്തിച്ചതെന്നുമാണ് ഡ്രൈവർ നൽകുന്ന വിശദീകരണം. എന്നാൽ ആശുപത്രി ജീവനക്കാർ ഇത് വിശ്വസിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ ആശുപത്രി അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.