18 July, 2021 07:18:09 PM


വെള്ളത്തിൽ മുങ്ങി മുംബൈ: മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 23 ആയി



മുംബൈ: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ മുംബൈ നഗരം വെള്ളത്തിൽ മുങ്ങി. കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലുകളിൽ മരിച്ചവരുടെ എണ്ണം 23 ആയി. നിരവധി പേർക്ക് പരിക്കേറ്റു. ചെമ്പൂരിലെ ഭരത് നഗറിൽ മണ്ണിനടിയിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇവിടെ ഇതുവരെ 16പേർ മരിച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിക്രോളി പ്രദേശത്തുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.

പലപ്രദേശങ്ങളിലും വീടുകളും വാഹനങ്ങളും വെള്ളത്തിനടയിലാണ്. ഗതാഗത വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായി. വെള്ളക്കെട്ടുകൾ ഉണ്ടായ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചുനബത്തി, സായന്‍, ദാദര്‍, ചെമ്പൂര്‍, ഗാന്ധി മാര്‍ക്കറ്റ്, കുര്‍ള എല്‍ ബി എസ് റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷം. ഇവിടങ്ങളിൽ ചരക്കുലോറികൾ വരെ വെള്ളത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

ഇന്നലെ രാത്രിയാണ് കനത്ത മഴയെ തുടർ‌ന്ന് മണ്ണിടിച്ചിലുണ്ടായത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതർക്ക് പി എം എൻ ആർ ഫണ്ടിൽ നിന്ന് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. മരിച്ചവരുടെ അവകാശികൾക്ക് അഞ്ചുലക്ഷം രൂപ വീതം നൽകുമെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു.

വരുന്ന ദിവസങ്ങളിലും മഹാരാഷ്ട്രയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്ന് രാവിലെ ആറരവരെ മുംബയിലും സമീപ പ്രദേശങ്ങളിലും 120 മില്ലിമീറ്ററിലധികം മഴ ലഭിച്ചുവെന്നാണ് അധികൃതർ പറയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K