13 July, 2021 08:39:56 AM
അരുണാചൽപ്രദേശിൽ ജയിൽ ജീവനക്കാരെ ആക്രമിച്ച് തടവുപുള്ളികൾ രക്ഷപെട്ടു
ഗോഹട്ടി: ജയിൽ ജീവനക്കാരെ ആക്രമിച്ച് തടവുപുള്ളികള്‍ രക്ഷപെട്ടു. അരുണാചല്‍പ്രദേശിലെ ഈസ്റ്റ് സിയാംഗ് ജില്ലയിലെ ജയിലിലാണ് സംഭവം. ഏഴ് തടവുപുള്ളികളാണ് രക്ഷപെട്ടത്. അഭിജിത് ഗോഗോയ്, ടാരോ ഹമാം, കലോം അപാംഗ്, താലൂം പാൻയിംഗ്, സുബാഷ് മൊണ്ടാൽ, രാജാ തയേംഗ്, ഡാനി ഗാംലിന എന്നിവരാണ് രക്ഷപെട്ടത്
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അത്താഴത്തിനായി സെല്ലുകള്‍ തുറന്നപ്പോഴാണ് ആക്രമണമുണ്ടായത്. പ്രതികൾ ഏഴ് പേരും ഒരേ സെല്ലിലാണ് കഴിഞ്ഞത്.
അഞ്ച് സുരക്ഷാജീവനക്കാരെ പ്രതികള്‍ ആക്രമിച്ചു. ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. ഇയാളുടെ മൊബൈല്‍ ഫോണും പ്രതികള്‍ കൈക്കലാക്കി. പ്രതികളെ പിടികൂടാന്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.