17 June, 2021 02:53:43 PM
ഗവര്‍ണറുടെ പ്രതികാര നടപടി ; ബംഗാളില്‍ മമതയെ പിന്തുണച്ച് ഇടതുപക്ഷം
കൊല്‍ക്കത്ത: ബംഗാളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെതിരായ മമത ബാനര്‍ജിയുടെ പോരാട്ടത്തിന് പിന്തുണയുമായി ഇടതുപക്ഷം രംഗത്ത് . പശ്ചിമ ബംഗാളിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ജഗദീപ് ധന്‍ഖര്‍ ഡല്‍ഹിയില്‍ രാഷ്ട്രപതിയുമായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുമായും കൂലങ്കഷമായ ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെ ഇടതുപക്ഷവും രംഗത്തെത്തി.
ബി.ജെ.പിയുടെ മുഖപത്രത്തെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ഗവര്‍ണര്‍ പക്ഷപാതപരമായി ഇടപെടലുകള്‍ നടത്തുന്നതിനെ ഇടത് പാര്‍ട്ടികള്‍ അപലപിച്ചു. 'ബി.ജെ.പിയുടെ ആളായിട്ടല്ല അദ്ദേഹത്തെ നിയമിച്ചിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒരു ബി.ജെ.പി. പ്രവര്‍ത്തകന് തുല്യമാണ്. ഇത് ഗവര്‍ണര്‍ പദവിക്ക് യോജിച്ചതല്ല. താനൊരു ബി.ജെ.പി. പ്രവര്‍ത്തകനാണെന്ന് സ്വയം പ്രഖ്യാപിച്ച് കൊണ്ടാണ് ഗവര്‍ണറുടെ പ്രവര്‍ത്തനം. ഇത് ശരിയല്ല. പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍.' ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് കുറ്റപ്പെടുത്തി.
എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് ഗവര്‍ണറുടെ പോക്കെന്നും ഇനി സംസ്ഥാനത്തേക്ക് മടങ്ങരുതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രത്യേക കാരണങ്ങളൊന്നും പറയാതെയാണ് ധന്‍ഖര്‍ നാല് ദിവസം മുമ്ബ് ഡല്‍ഹിയിലേക്ക് പോയത്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്നാരോപിച്ച് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. എം.എല്‍.എമാര്‍ അദ്ദേഹത്തിന് നിവേദനം നല്‍കിയതിന് പിന്നാലെയായിരുന്നു ധന്‍ഖര്‍ തലസ്ഥാനത്തേക്ക് പോയത്.
അതിനിടെ ബംഗാളിലെ അക്രമങ്ങളെക്കുറിച്ച് മൗനം പാലിച്ചുവെന്നും ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ നടപടിയെടുക്കുന്നില്ല എന്നും ആരോപിച്ച് അദ്ദേഹം മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഒരു കത്തെഴുതിയിരുന്നു. ഈ കത്ത് അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു. ഇത് മാനദണ്ഡങ്ങള്‍ക്കെതിരാണെന്ന് സംസ്ഥാന സര്‍ക്കാരും ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര മന്ത്രിമാരെയും ദേശീയ മനുഷ്യാവകാശ കമ്മീഷനേയും സന്ദര്‍ശിച്ച ധന്‍ഖര്‍ ഇന്ന് രാഷ്ട്രപതി ഭവനിലെത്തിയിട്ടുണ്ട്.