13 June, 2021 01:29:28 PM
ലക്ഷദ്വീപിൽ രണ്ടാംഘട്ട സമരം; അഡ്മിനിസ്ട്രേറ്റർ എത്തുന്ന ദിവസം കരിദിനമായി ആചരിക്കും
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ ദ്വീപ് സന്ദർശനം കരിദിനമായി ആചാരിക്കാൻ ആഹ്വാനം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറം. വീട്ടുമുറ്റത്ത് കറുത്ത കൊടി ഉയർത്താനും ഈ ദിവസം കറുത്ത മാസ്ക് ധരിക്കാനും ആഹ്വാനമുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സേവ് ലക്ഷദ്വീപ് ഫോറം യോഗമാണ് ആണ് കടുത്ത സമര പരിപാടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്. ഇതനുസരിച്ച് അഡ്മിനിസ്ട്രേറ്റർ ദ്വീപുകളിൽ തങ്ങുന്ന ഏഴു ദിവസവും പ്രതിഷേധ പരിപാടികൾ ഉണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും സമരം .
നേരത്തെ നടന്ന നിരാഹാര സമരം പോലെ വീട്ടുമുറ്റത്ത് പ്ലക്കാർഡുകളും പിടിച്ച് ആയിരിക്കും ദ്വീപു നിവാസികൾ സമരത്തിൽ പങ്കെടുക്കുക . എല്ലാവരോടും കറുത്ത മാസ്ക് ധരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട് . വീട്ടുമുറ്റങ്ങളിൽ കരിങ്കൊടി ഉയർത്താനും പറഞ്ഞിട്ടുണ്ട് . അതേസമയം പൊതുനിരത്തുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ സമരവേദിയായി തെരഞ്ഞെടുക്കരുതെന്ന് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട് .
അഡ്മിനിസ്ട്രേറ്ററുടെ പൊതു പരിപാടികൾ ജനപ്രതിനിധികൾ ബഹിഷ്‍കരിക്കും. ദ്വീപുകളിൽ അഡ്മിനിസ്ട്രേറ്റർ തങ്ങുന്ന ദിവസങ്ങളിൽ വിവിധ വികസനപദ്ധതികൾ അടക്കം അവലോകനം ചെയ്യുന്നുണ്ട്. വിവിധ ദ്വീപുകളിൽ നിർമ്മാണത്തിലിരിക്കുന്ന പദ്ധതി പ്രദേശങ്ങളും അദ്ദേഹം സന്ദർശിക്കും . ഈ സ്ഥലങ്ങളിലെല്ലാം പദ്ധതികളുമായി ബന്ധപ്പെട്ട ജനപ്രതിനിധികൾ അടക്കം പങ്കെടുക്കേണ്ടതുണ്ട്. ഇവരോട് ഇതിൽ നിന്നെല്ലാം വിട്ടുനിൽക്കാൻ ആണ് സേവ് ലക്ഷദ്വീപ് ഫോറം ആവശ്യപ്പെടുന്നത്.
അഡ്മിനിസ്ട്രേറ്റർ എത്തുന്ന ദിവസം രാത്രി 9 ന് ദ്വീപുകളിലെ എല്ലാ വീടുകളിലും വിളക്കണച്ചു മെഴുകുതിരി തെളിയിക്കും.പ്ലേറ്റിൽ ചിരട്ട കൊട്ടി പട്ടേൽ ഗോ ബാക്ക് എന്ന് മുദ്രാവാക്യം മുഴക്കാനും ആഹ്വാനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമരം നടത്തുകയെന്നും ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനം മുൻനിർത്തി ദീപുകളിൽ സുരക്ഷാ കടുപ്പിച്ചിട്ടുണ്ട് . എന്തെങ്കിലും രീതിയിൽ പ്രത്യക്ഷ സമരം അതിരുകടന്നാൽ അതിനെ നേരിടാൻ തന്നെയാണ് ഭരണകൂടത്തിൻ്റെ തീരുമാനം. വീട്ടുമുറ്റങ്ങളിൽ നിന്ന് സമരം ഏതെങ്കിലും രീതിയിൽ പുറത്തേക്ക് എത്തിയാൽ അതിനെതിരെെ ശക്തമായ നടപടികൾ സ്വീകരിക്കും. ദ്വീപിൽ എത്തുന്ന അഡ്മിനിസ്ട്രേറ്ററെ നേരിട്ട് കണ്ട് ജനങ്ങളുടെ പ്രതിഷേധം അറിയിക്കും എന്നായിരുന്നു നേരത്തെ സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനെ അതിന് കഴിയുമോ ആർക്കും തീർച്ചയില്ല.
പ്രത്യേകിച്ച് അഡ്മിനിസ്ട്രേറ്റർ എത്തുന്ന ദിവസം കരിദിനം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഫോറത്തിൻ്റെ തീരുമാനം . ദീപിലെ ബിജെപി നേതൃത്വത്തിൽ ഉണ്ടായ പൊട്ടിത്തെറിയും സമരത്തെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിലയിരുത്തുന്നത്. ബിജെപിയുടെ കൂടി പിന്തുണ പൂർണ്ണമായും സമരസമിതിക്ക് ലഭിക്കുന്നതോടെ കൂടുതൽ ഒറ്റപ്പെടുന്ന സ്ഥിതി രാഷ്ട്രീയപരമായി ബിജെപിക്ക് ഉണ്ടാകും. ഭരണ നേതൃത്വത്തിൽ തന്നെ ഇത് വലിയ സമ്മർദം ആയി മാറുമെന്നാണ് കണക്കുകൂട്ടുന്നത്.