11 June, 2021 07:52:03 AM
കടൽക്കൊല കേസ്: ഇറ്റാലിയൻ സർക്കാർ കൈമാറിയ പത്തുകോടി രൂപ സുപ്രീംകോടതിയിൽ കെട്ടിവച്ചു
ദില്ലി : കടൽക്കൊല കേസിലെ നഷ്ടപരിഹാരമായി ഇറ്റാലിയൻ സർക്കാർ കൈമാറിയ പത്തുകോടി രൂപ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ കെട്ടിവച്ചു. കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ നടപടി. ഇതിന്റെ പശ്ചാത്തലത്തിൽ ഇറ്റാലിയൻ നാവികർക്കെതിരായ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീം കോടതി ഇന്നു പരിഗണിക്കും.
കടൽക്കൊല കേസിൽ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ടുടമയ്ക്കുമുള്ള നഷ്ടപരിഹാരം ഇറ്റലി കെട്ടിവച്ചതിന്റെ രേഖകൾ കണ്ടാലേ നടപടികൾ അവസാനിപ്പിക്കൂ എന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇറ്റലി നഷ്ടപരിഹാരത്തുക കേന്ദ്ര സർക്കാരിനു കൈമാറുകയും അത് സുപ്രീംകോടതിയുടെ ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കുകയും ചെയ്തത്.
അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ തീർപ്പുപ്രകാരം നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ടുടമയും അറിയിച്ചതായി സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു. ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാലു കോടി രൂപ വീതവും സെന്റ് ആന്റണീസ് ബോട്ടുടമ ഫ്രഡി ക്കു രണ്ടുകോടി രൂപയുമാണു നഷ്ടപരിഹാരം ലഭിക്കുക.