06 June, 2021 04:24:48 PM


'നഴ്‌സുമാർ മലയാളം സംസാരിക്കാന്‍ പാടില്ല'; വിവാദ സർക്കുലർ പിൻവലിച്ചു



ദില്ലി: ജി ബിപന്ത് ആശുപത്രിയിൽ നഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള സർക്കുലർ പിൻവലിച്ചു. ഡൽഹി സർക്കാരിന് കീഴിലുള്ള ആശുപത്രിയിലെ ഉത്തരവ് തങ്ങളുടെ അറിവോടെ അല്ലെന്ന് അധികൃതർ അറിയിച്ചു. നഴ്സിങ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടിസ് നൽകി.


ജോലി സ്ഥലത്ത് മലായാളം വിലക്കിക്കൊണ്ടുള്ള നഴ്സിംഗ് സൂപ്രണ്ടിന്‍റെ നടപടിക്ക് എതിരെ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ഭാഷാപരമായ വ്യത്യാസത്തിന്റെ പേരിൽ ഉള്ള വിവേചനം അംഗീകരിക്കാൻ ആകില്ലെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ ട്വീറ്റ് ചെയ്തു. മനുഷ്യാവകാശത്തിനു മേലുള്ള കടന്നു കയറ്റമെന്നാണ് ശശി തരൂർ എംപി പ്രതികരിച്ചത്. അതേസമയം സംഭവത്തിൽ ആശങ്ക അറിയിച്ചു കെ.സി. വേണുഗോപാൽ എം.പി കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷ് വർധന്  കത്ത് നൽകി.


നഴ്‌സിംഗ് സുപ്രണ്ടിന്റെ ഉത്തരവിനെതിരെ നഴ്സിംഗ് സംഘടനകളും വിമർശനമുന്നയിച്ചിരുന്നു. നഴ്‌സുമാർ തമ്മിൽ മലയാളത്തിൽ സംസാരിക്കുന്നത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നടപടി എന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. നടപടിയിൽ ഡൽഹി സർക്കാർ വിശദീകരണം തേടിയിരുന്നു. ഉത്തരവ് പാസ്സാക്കിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K