03 June, 2021 08:59:08 AM
അലിഗഡ് മദ്യദുരന്തം: മരിച്ചവർ സര്‍ക്കാര്‍ പറയുന്നതിന്റെ ഇരട്ടിയിലധികമെന്ന് റിപ്പോർട്ട്
അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ പറയുന്നതിന്റെ ഇരട്ടിയിലധികമെന്ന് റിപ്പോർട്ട്. വ്യാജ മദ്യം കഴിച്ചു മരിച്ചവരെന്നു സംശയിക്കുന്ന 87 പേരുടെ പോസ്റ്റ്മോർട്ടം ഇതുവരെ നടത്തി. എന്നാൽ 35 പേരുടെ മരണം മാത്രമാണ് സർക്കാർ സ്ഥിരീകരിച്ചത്.
ബുധനാഴ്ച 16 പേരുടെ പോസ്റ്റ്മോർട്ടമാണു നടത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയ 71 പേരുടെ മരണകാരണം വ്യാജമദ്യം കഴിച്ചതാണെന്ന് അലിഗഡ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഭാനു പ്രതാപ് കല്യാണി തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ആഗ്രയിലെ സർക്കാർ ലബോറട്ടറിയിൽനിന്ന് ഇരകളുടെ മെഡിക്കൽ റിപ്പോർട്ട് ലഭിച്ചശേഷമേ ബാക്കി മരണങ്ങൾ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്തുകയുള്ളുവെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
മദ്യദുരന്തത്തിൽ മരിച്ചവരുടെ കണക്കുകളിൽ വ്യക്തതയില്ലാത്തതിനാൽ യുപിയിലെ കോൺഗ്രസ് നേതൃത്വം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കുകയും ചെയ്തു. മദ്യദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ 34 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.