02 June, 2021 06:04:23 PM
വാടക നിയമത്തിന് അംഗീകാരം; മുന്‍കൂറായി വാങ്ങാവുന്നത് രണ്ടു മാസത്തെ വാടക മാത്രം
ദില്ലി: മാതൃകാ വാടക നിയമത്തിന് (മോഡല്‍ ടെനന്‍സി ആക്‌ട്) കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് മാതൃകാ വാടക നിയമത്തിന് അംഗീകാരം നല്‍കിയത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത് കൈമാറും. ഈ നിയമം അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിലവിലുള്ള വാടക നിയമങ്ങള്‍ ഉചിതമായ രീതിയില്‍ ഭേദഗതി ചെയ്യുകയോ പുതിയ നിയമനിര്‍മ്മാണം നടത്തുകയോ ചെയ്യാം.
കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പുതിയ നിയമ പ്രകാരം ഇനി മുന്‍കൂറായി രണ്ട് മാസത്തെ വാടക മാത്രമേ വാങ്ങാന്‍ പാടുള്ളു. അതേസമയം താമസ ആവശ്യത്തിനല്ലാത്ത കെട്ടിടങ്ങള്‍ക്ക് ആറ് മാസത്തെ വാടക വരെ ഈടാക്കാമെന്നും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച നിയമം അനുശാസിക്കുന്നു. രാജ്യത്തുടനീളമുള്ള വാടക ഭവനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ ചട്ടക്കൂട് മാറ്റാന്‍ നിയമം സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. രാജ്യത്ത് ഊര്‍ജ്ജസ്വലവും സുസ്ഥിരവും സമഗ്രവുമായ വാടക ഭവന വിപണി സൃഷ്ടിക്കുകയാണ് മാതൃകാ നിയമത്തിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
എല്ലാ വരുമാനക്കാര്‍ക്കും മതിയായ വാടക ഭവനങ്ങളുടെ ശേഖരം സൃഷ്ടിക്കുന്നതിനും അതുവഴി ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കുന്നതിനും ഇത് ഉപകാരപ്പെടും. ഭവന നിര്‍മ്മാണത്തെ ഔപചാരിക വിപണിയിലേക്ക് കാലോചിതമായി മാറ്റുന്നതിലൂടെ, വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങളെ സ്ഥാപനവല്‍ക്കരിക്കാന്‍ മാതൃകാ വാടക നിയമം സഹായിക്കുമെന്നും നഗരകാര്യ മന്ത്രാലയം പ്രതീക്ഷിക്കുന്നു. വാടക ഭവന ആവശ്യങ്ങള്‍ക്കായി ഒഴിഞ്ഞ വീടുകള്‍ തുറന്നു കൊടുക്കുന്നതിന് ഈ മാതൃകാ നിയമം ഉപകാരപ്പെടുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടികാണിക്കുന്നു.
വന്‍തോതിലുള്ള ഭവന ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു ബിസിനസ് മാതൃകയായി വാടക ഭവനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഔപചാരിക വാടക ഉടമ്ബടി നടത്തേണ്ടതിന്റെ ആവശ്യകത, എത്ര സുരക്ഷാ നിക്ഷേപം നല്‍കണം, വാടക വര്‍ദ്ധിപ്പിക്കാവുന്ന പരിധി, കുടിയൊഴിപ്പിക്കാനുള്ള അടിസ്ഥാനം തുടങ്ങിയ ഘടകങ്ങളെ മാതൃക വാടക നിയമം എടുത്തു കാണിക്കുകയും ചെയ്യുന്നു.