27 May, 2021 07:26:22 AM
ബാബ രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഐ എം എ
ദില്ലി: ബാബ രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തിലാണ് ഐഎംഎ ബാബ രാംദേവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്. കൊവിഡ് വാക്‌സിനേഷൻ സംബന്ധിച്ച വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചു, കൊവിഡ് ചികിത്സയ്ക്കായുള്ള സർക്കാർ പ്രോട്ടോക്കോളിനെതിരെ പ്രവർത്തിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐഎംഎയുടെ കത്ത്.
അലോപ്പതി ചികിൽസക്കും ഡോക്ടർമാർക്കും എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് രാംദേവിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തീരുമാനിച്ചു. വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചതിനുൾപ്പെടെ ബാബ രാംദേവ് 15 ദിവസത്തിനകം മാപ്പ് പറയണമെന്നും അല്ലെങ്കിൽ 1000 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ചൂണ്ടിക്കാട്ടി രാംദേവിനെതിരെ ഐഎംഎ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.