26 May, 2021 04:43:45 PM
ലക്ഷദ്വീപിൽ നാളെ സര്‍വകക്ഷി യോഗം; ഗുരുതരസാഹചര്യം ഇല്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍
കവരത്തി: ലക്ഷദ്വീപിൽ നാളെ സര്‍വകക്ഷി യോഗം. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് യോഗം. ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോഗത്തിൽ പങ്കെടുക്കില്ല. ഓണ്‍ലൈനായാണ് യോഗം നടക്കുക. ദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടത്തിവരുന്ന ഭരണപരിഷ്കാരങ്ങൾക്കെതിരെ ഉയരുന്ന ജനപ്രക്ഷേഭം ചർച്ച ചെയ്യാനാണ് യോഗം. കളക്ടര്‍, അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസര്‍ എന്നിവരാണ് നിലവില്‍ ദ്വീപിലുള്ളത്. പ്രതിഷേധക്കാരോട് പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.
അതേസമയം, ലക്ഷദ്വീപിൽ ഭരണപരിഷ്കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശം നൽകിയ പ്രഫുല്‍ പട്ടേല്‍, ദ്വീപില്‍ ഗുരുതര സാഹചര്യമില്ലെന്നും വിലയിരുത്തി. ഈ മാസം 30ന് ദ്വീപിലെത്തിയ ശേഷം രാഷ്ട്രീയ നേതാക്കളുമായടക്കം ചര്‍ച്ച ചെയ്യുമെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.