26 May, 2021 01:21:26 PM
ബാബ രാംദേവിന് 1000 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഉത്തരാഖണ്ഡ് ഐ.എം.എ
ദില്ലി: യോഗ ഗുരു ബാബ രാംദേവിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഉത്തരാഖണ്ഡ് യൂണിറ്റ് ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ചു. അലോപ്പതി ചികിത്സയ്‌ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും രാംദേവ് വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണിത്. 15 ദിവസത്തിനുള്ളില്‍ വിവാദ പരാമര്‍ശം രേഖാമൂലം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 1000 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം ഉണ്ടാകുകയും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പരാമര്‍ശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് രാംദേവിന് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് രാംദേവ് ട്വീറ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. രാംദേവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഐഎംഎ പരാതി നല്‍കിയിട്ടുണ്ട്.
അലോപ്പതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചുവെന്നും ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണ് അതെന്നും അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ രാംദേവ് പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.