17 May, 2021 11:51:07 AM


വര്‍ഗീയതയുമായി പഞ്ചാബില്‍ വരരുത്: യോഗിക്ക് മറുപടിയുമായി അമരീന്ദര്‍ സിങ്



ചണ്ഡിഗഡ്: പഞ്ചാബില്‍ പുതുതായി രൂപീകരിക്കുന്ന മലേര്‍കോട്ട്‌ല ജില്ലക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തുന്ന ബി.ജെ.പിക്കാര്‍ക്കെതിരെ മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പഞ്ചാബില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവര്‍ക്ക് അത് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഞ്ചാബില്‍ മുസ്‍ലിം ഭൂരിപക്ഷമുള്ള മലേര്‍കോട്ട്ല, ജില്ലയായി പ്രഖ്യാപിച്ചതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്.


ജില്ലാ രൂപീകരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആരോപണം. ജില്ലാ രൂപീകരണം കോണ്‍ഗ്രസിന്‍റെ വഞ്ചനാപരമായ നയത്തിന്‍റെ ഭാഗമാണെന്നും യോഗി കുറ്റപ്പെടുത്തി. ഇത് മറ്റു ബി.ജെ.പി നേതാക്കളും ഏറ്റുപിടിക്കുകയായിരുന്നു. ഇതിനെതിരെയാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയത്. 


പഞ്ചാബില്‍ വര്‍ഗീയ ബോംബിന് തിരികൊളുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍ അത് അവര്‍ക്കുതന്നെ തിരിച്ചടിയാകും. കെട്ടഴിഞ്ഞ നിയമവ്യവസ്ഥയും വര്‍ഗീയവും ജാതീയവുമായ വിഭജനവും നടത്തി ഭരണം നടത്തി ഭരണഘടനയെ നശിപ്പിക്കാന്‍ മാത്രം അറിയുന്ന യോഗി ആദിത്യനാഥ് ആണ് ഭരണഘടനയുടെ കാര്യത്തില്‍ ആശങ്കപ്പെടുന്നത്. സര്‍ക്കാരിന്റെ വീഴ്ച്ച കാരണം കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍, സഹായം ചോദിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുന്ന സര്‍ക്കാരാണ് ഉത്തര്‍പ്രദേശിലേതെന്നും അമരീന്ദര്‍ സിങ് കുറ്റപ്പെടുത്തി. വ്യവസ്ഥാപിതമായി ഭരണഘടനയെ തകര്‍ക്കുന്ന പണിയാണ് ബി.ജെ.പി ചെയ്യുന്നത്.


സി.എ.എ വിരുദ്ധ സമരത്തെയും കര്‍ഷക സമരത്തെയും വര്‍ഗീയ ആരോപണങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്തിയ യു.പി മാതൃകയേയും പഞ്ചാബ് മുഖ്യമന്ത്രി പരാമര്‍ശിച്ചു. യോഗി ആദിത്യനാഥിന്റെ വര്‍ഗീയ വാക്കുകള്‍ ഏറ്റുപിടിക്കും മുന്‍പ് പഞ്ചാബിന്റെ ചരിത്രം അറിഞ്ഞിരിക്കുന്നത് ബി.ജെ.പിക്കാര്‍ക്ക് നല്ലതായിരിക്കുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. ഗുജറാത്ത് മുതല്‍ ഇപ്പോള്‍ ബംഗാളില്‍ വരെ അക്രമവും വര്‍ഗീയതയും പ്രചരിപ്പിച്ചുള്ള ചരിത്രമാണ് ബി.ജെ.പിക്കുള്ളതെന്നും പഞ്ചാബ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K