15 May, 2021 02:08:47 PM
പി.എം കെയർ ഫണ്ടിൽ വിതരണം ചെയ്ത വെന്റിലേറ്ററുകൾ ഉപയോഗശൂന്യം; വൻ അഴിമതി ആരോപണം
മുംബൈ: മഹാരാഷ്ട്രയിൽ പി.എം കെയർ ഫണ്ടിന് കീഴിൽ വിതരണം ചെയ്ത വെന്റിലേറ്ററുകളിൽ വൻ അഴിമതി ആരോപിച്ച് മഹാ വികാസ് അഘാഡി. സംസ്ഥാനത്തിന് നൽകിയ വെന്റിലേറ്ററുകളെല്ലാം ഉപയോഗശൂന്യമാണ്. ടെക്നീഷ്യൻമാർക്ക് പോലും തകരാറുകൾ പരിഹരിക്കാൻ കഴിയുന്നില്ലെന്നും മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ സാവന്ത് ആരേപിച്ചു. സംസ്ഥാനതലത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഔറംഗബാദ് മെഡിക്കൽ കോളേജ് വിദഗ്ധരാണ് വെന്റിലേറ്ററിലെ തകരാറുകൾ കണ്ടെത്തിയത്. പൊതുജനങ്ങളുടെ പണമാണ് പി.എം കെയർ ഫണ്ടിലുള്ളത്. മാപ്പർഹിക്കാത്ത തെറ്റാണ് വെന്റിലേറ്ററിൽ വിതരണത്തിലെ അനാസ്ഥയെന്നും സച്ചിൻ പറഞ്ഞു. നാസിക്, ബീഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വെന്റിലേറ്ററിന്റെ കാര്യക്ഷമതയിൽ പരാതി ഉയർന്നിട്ടുണ്ട്. നേരത്തെ എൻ.സി.പി നേതാവ് സതിഷ് ചവാനും ആശുപത്രികൾ സന്ദർശിച്ച് സമാന ആരോപണം ഉന്നയിച്ചിരുന്നു.