10 May, 2021 05:25:41 PM
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച പച്ചക്കറി ചന്ത അടപ്പിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം
ഭോപ്പാൽ: ലോക് ഡൗണിനിടെ പച്ചക്കറി ചന്ത അടപ്പിക്കാനെത്തിയ പൊലീസിനെതിരെ ആൾകൂട്ടാക്രമണം. മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിലെ ബൈദാനിലാണ് സംഭവം. നിയന്ത്രണം ലംഘിച്ച് ആൾക്കൂട്ടമെത്തിയതിനെ തുടർന്നാണ് പച്ചക്കറി ചന്ത അടപ്പിക്കാൻ പൊലീസ് ശ്രമിച്ചത്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ചന്ത രണ്ട് മണിക്കൂർ തുറന്ന് പ്രവർത്തിക്കാൻ പൊലീസ് അനുമതി നൽകിയിരുന്നു.
രാവിലെ 7 മുതൽ 9 വരെയാണ് അനുമതി. എന്നാൽ നിയന്ത്രണം പാലിക്കാതെ പ്രദേശ വാസികൾ ചന്തയിൽ ഒത്തുകൂടുകയായിരുന്നു. പൊലീസ് എത്തി ഇതിനെ എതിർത്തെങ്കിലും കച്ചവടം തുടർന്നു. പിന്നീട് കൂടുതൽ പൊലീസും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയപ്പോൾ ആൾക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു. ഇവർക്കെതിരെ നാട്ടുകാർ കല്ലെറിയുകയും ചെയ്തു. കുട്ടികളും സ്ത്രീകളും അടങ്ങിയ സംഘമാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.