09 May, 2021 09:33:09 PM
കൊവിഡ് പ്രതിരോധം; പഞ്ചായത്തുകള്‍ക്ക് 8,923.8 കോടിയുടെ കേന്ദ്ര സഹായം
ദില്ലി: കൊവിഡ് പ്രതിരോധത്തിന് പഞ്ചായത്തുകള്‍ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രം. 8,923.8 കോടി രൂപയുടെ ധനസഹായമാണ് അനുവദിച്ചത്. 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 2021-22 വര്‍ഷത്തെ യുണൈറ്റഡ് ഗ്രാന്റുകളുടെ ആദ്യഗഡുവെന്നാണ് ഇതിനെ ധനകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. കൊവിഡ് പ്രതിരോധത്തിനായുള്ള വിവിധ മാര്‍ഗങ്ങള്‍ക്ക് ഇത് ഉപയോഗിക്കാമെന്നും അധികൃതര്‍ പറഞ്ഞു.
കേരളത്തിന് 240.6 കോടിയാണ് പദ്ധതി പ്രകാരം ലഭിക്കുക. അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 4,03,738 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 4,092 പേര്‍ മരിച്ചു. 37,36,648 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. 24 സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്.
കര്‍ണാടക, തമിഴ്‌നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് ഗുരുതരമായ ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിച്ച് തുടങ്ങിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു. ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടി.