08 May, 2021 04:59:36 PM
ഗുരുതര കുറ്റകൃത്യങ്ങളിൽ മാത്രമായിരിക്കണം അറസ്റ്റ് - സുപ്രിംകോടതി
ദില്ലി: രാജ്യത്തെ ജയിലുകളിലെ തടവുപുള്ളികളുടെ അംഗസംഖ്യ കുറയ്ക്കണമെന്ന് സുപ്രീംകോടതി. കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നാലു ലക്ഷത്തിലേറെ വരുന്ന ജയിൽപുള്ളികളുടെ കാര്യത്തിൽ കോടതിയുടെ ഇടപെടൽ. ഗുരുതര കുറ്റകൃത്യങ്ങളല്ലാത്ത കേസുകളിൽ അറസ്റ്റ് ഒഴിവാക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനും ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, സൂര്യകാന്ത് എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് വിധി.
ഏഴുവർഷം തടവുശിക്ഷ ലഭിക്കാനിടയുള്ള കേസുകളിൽ മാത്രമായിരിക്കണം അറസ്റ്റ് രേഖപ്പെടുത്തേണ്ടത്. നിസാരകാര്യങ്ങൾക്ക് അറസ്റ്റ് ചെയ്യുന്ന സ്ഥിതിയുണ്ടാകരുതെന്നും കോടതി ഉത്തരവിട്ടു. ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളുടെയും പൊലീസ് ജീവനക്കാരുടെയും ആരോഗ്യത്തിനും ജീവിതസുരക്ഷയ്ക്കും ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നത് അത്യാവശ്യമാണെന്ന് മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
കോവിഡ് ഒന്നാം വ്യാപനത്തിനിടെ സുപ്രീംകോടതി രൂപംനൽകിയ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഉന്നതാധികാര സമിതികളുടെ നിർദേശപ്രകാരം കഴിഞ്ഞ വർഷം ഇടക്കാല ജാമ്യത്തിലോ പരോളിലോ പുറത്തിറങ്ങിയ മുഴുവൻ പേർക്കും വീണ്ടും ഇതേ പരിഗണന നൽകാനും കോടതി നിർദേശിച്ചു. ഇതിനായി ഉന്നതാധികാര സമിതിയുടെ അംഗീകാരത്തിന് ഇനിയും കാത്തിരിക്കേണ്ടതില്ലെന്നും ഒട്ടും കാലതാമസം കൂടാതെ നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. മൂന്നു മാസക്കാലത്തേക്കാണ് ഇവർക്ക് പരോൾ അനുവദിക്കാൻ നിർദേശം.
കഴിഞ്ഞ വർഷം ഇടക്കാല ജാമ്യം ലഭിച്ച 90 ശതമാനം തടവുപുള്ളികളെയും കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വീണ്ടും ജയിലുകളിലടച്ചിരുന്നു. നാഷനൽ ലീഗൽ സർവിസസ് അതോറിറ്റിയുടെ മാർഗനിർദേശങ്ങളനുസരിച്ച് പുതിയ തടവുപുള്ളികളെ മോചിപ്പിക്കുന്ന കാര്യം ഉന്നതാധികാര സമിതി പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ പുറത്തിറങ്ങാന്‍ കഴിയാത്തവരുടെ കാര്യം പരിഗണിക്കാനും നിര്‍ദേശമുണ്ട്.