07 May, 2021 01:21:23 PM
മക്കള്‍ നീതി മയ്യത്തില്‍ പൊട്ടിത്തെറി: പാര്‍ട്ടിയിലെ രണ്ടാമനും രാജിവച്ചു
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം കമല്‍ഹാസന്‍റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യം പാര്‍ട്ടിയില്‍ പൊട്ടിത്തെറി. വൈസ് പ്രസിഡന്‍റ് ആര്‍.മഹേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. സംഘടനക്ക് ജനാധിപത്യ സ്വഭാവമില്ലെന്ന് ആരോപിച്ചായിരുന്നു രാജി. പാര്‍ട്ടി വിട്ട മഹേന്ദ്രനെ വഞ്ചകനെന്നാണ് കമല്‍ വിശേഷിപ്പിച്ചത്. ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനൊരുങ്ങുകയായിരുന്നുവെന്നും ഒരു കള സ്വയം പുറത്തുപോയതില്‍ സന്തോഷമുണ്ടെന്നും കമല്‍ പ്രതികരിച്ചു.
ആറ് മുതിര്‍ന്ന നേതാക്കളുടെ രാജിവാര്‍ത്ത പുറത്തുവന്ന ദിവസമായിരുന്നു പാര്‍ട്ടിയിലെ രണ്ടാമനായ മഹേന്ദ്രന്‍റെയും രാജി. 234 അംഗ നിയമസഭയില്‍ ഒരു സീറ്റ് പോലും നേടാന്‍ കമലിന്‍റെ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. കോയമ്പത്തൂരിലെ സിംഗനെല്ലൂര്‍ മണ്ഡലത്തില്‍ നിന്നാണ് മഹേന്ദ്രന്‍ മത്സരിച്ചത്. കമലിന് രാജിക്കത്ത് സമര്‍പ്പിച്ചതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടി നടത്തിക്കൊണ്ടു പോകാന്‍ കമലിന് അറിയില്ലെന്നും ചില ഉപദേഷ്ടാക്കളാണ് പ്രശ്നമെന്നും മഹേന്ദ്രന്‍ ആരോപിച്ചു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് പാര്‍ട്ടിയുടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ജി മൌര്യ, എം.മുരുകാനന്ദം, സി.കെ കുമരവേല്‍, ഉമാദേവി എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച മറ്റ് പ്രമുഖര്‍. തന്‍റെ ജീവിതം സുതാര്യമാണെന്നും ആരോടും ഒന്നും മറച്ചുവച്ചിട്ടില്ലെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ വിഷമിക്കരുതെന്നും കമല്‍ പറഞ്ഞു.