07 May, 2021 11:15:58 AM
ബംഗാളിലെ പകുതിയിലധികം ബിജെപി എംഎല്‍എമാരും ക്രിമിനല്‍ കേസ് പ്രതികള്‍
10 എംഎല്‍എമാരുടെ പേരില്‍ കൊലപാതക കുറ്റം; ഒരാളുടെ പേരില്‍ ബലാത്സംഗകുറ്റവും
കൊല്‍ക്കത്ത: ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, പശ്ചിമ ബംഗാളില്‍ നിന്ന് ജയിച്ച ബിജെപി എംഎല്‍എമാരില്‍ 51 ശതമാനം പേരും ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 34 ശതമാനം പേരും വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. അതായത് ബിജെപിയുടെ പകുതിയിലധികം എംഎല്‍എമാരും ത്രിണമൂലിന്‍റെ മൂന്നിലൊന്ന് എംഎല്‍എമാരും ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ത്രിണമൂലിന്‍റെ 213 എംഎല്‍എമാരില്‍ 73 പേരും 77 ബിജെപി എംഎല്‍എമാരില്‍ 39 എംഎല്‍എമാരുമാണ് ക്രിമിനല്‍ കേസ് പ്രതികള്‍. തെരഞ്ഞെടുപ്പില്‍ വിജയിച്ച 292 സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലം പരിശോധിച്ചാണ് എഡിആര്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ആകെയുള്ള 294 മണ്ഡലങ്ങളില്‍ ജന്‍ഗിപൂരിലും സംസെര്‍ഗെഞ്ചിലും സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
ബുധനാഴ്ചയാണ് എഡിആര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതില്‍ ത്രിണമൂലിന്‍റെ എംഎല്‍എമാരില്‍ 43 ശതമാനം, അല്ലെങ്കില്‍ 91 പേരും, ബിജെപിയുടെ എംഎല്‍എമാരില്‍ 65 ശതമാനം അല്ലെങ്കില്‍ 50 പേരും ഒരു സ്വതന്ത്രനും തങ്ങളുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ടെന്ന് അഫിഡവിറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് വിജയിച്ച 292 എംഎല്‍എമാരില്‍ 142 പേരും (49 ശതമാനം) തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്ന് സ്വയം സമ്മതിച്ചിരിക്കുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലാകട്ടെ 293 എംഎല്‍എമാരില്‍ 107 പേരായിരുന്നു (37 ശതമാനം) തങ്ങളുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ടെന്ന് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത്.
എംഎല്‍എമാരുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ ഏതൊക്കെ തരത്തിലുള്ളതാണെന്നും എഡിആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. എംഎല്‍എമാരില്‍ 113 (39 ശതമാനം) പേരിലുമുള്ള കേസുകള്‍ കൊലപാതകമായോ, കൊലപാതക ശ്രമമായോ, തട്ടിക്കൊണ്ടുപോകലായോ, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമായോ ബന്ധപ്പെട്ടുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ തന്നെ 10 എംഎല്‍എമാരാണ് കൊലപാതക കേസിലെ പ്രതികള്‍. 30 പേര്‍ കൊലപാതക ശ്രമത്തിനും പ്രതികളാണ്. 20 പേരാണ് തങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് കേസുണ്ടെന്ന് സത്യവാങ്മൂലത്തില്‍ സമ്മതിച്ചിട്ടുള്ളത്. ഒരു എംഎല്‍എയ്‍ക്കെതിരെ ബലാത്സംഗത്തിനാണ് കേസുള്ളത്.
292 എംഎല്‍എമാരില്‍ 158എംഎല്‍എമാരും കോടിപതികളാണ്. തൃണമൂലിന്‍റെ 132 എംഎല്‍എമാരും ബിജെപിയുടെ 25 ഉം ഒരു സ്വതന്ത്രനും ഒരു കോടിയിലധികം ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 107 എംഎല്‍എമാരുടെയും വിദ്യാഭ്യാസ യോഗ്യത എട്ടാംക്ലാസിനും പ്ലസ്ടുവിനും ഇടയിലാണ്. 180 പേര്‍ക്കാണ് ഡിഗ്രിയോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളത്. 3 പേര്‍ക്ക് ഡിപ്ലോമയുണ്ട്. എന്നാല്‍ ഒരാള്‍ സാക്ഷരനാണെന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റൊരാള്‍ നിരക്ഷരനാണെന്നും.