06 May, 2021 01:23:00 PM
ബലാത്സംഗകേസിൽ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന് കോവിഡ്
ജോധ്പൂര്‍: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന് കോവിഡ്. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ആശാറാം ബാപ്പു. കോവിഡ് സ്ഥിരീകരിച്ചതോടെ എംഡിഎം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു 80 വയസ്സുള്ള ആശാറാം ബാപ്പുവിന്‍റെ ശരീരത്തിലെ ഓക്സിജന്‍റെ അളവ് താഴ്ന്ന നിലയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
നില ഗുരുതരമായാല്‍ ജോധ്പൂരിലെ എയിംസിലേക്ക് മാറ്റും. ആശാറാമിന്‍റെ സഹതടവുകാരായ 12 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജോധ്പൂരിലെ മനെയ് ആശ്രമത്തില്‍ വെച്ച് ആശാറാം പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. 2014ൽ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് അറസ്റ്റിലായ ആശാറാം ബാപ്പുവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു . ശിക്ഷാവിധിക്കെതിരെ നേരത്തെ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി.