06 May, 2021 09:05:01 AM
താമസം ഓല മേഞ്ഞ ചോർന്നോലിക്കുന്ന കുടിലിൽ ; തോൽപിച്ചത് കോടീശ്വരനെ
ചെന്നൈ: സ്വന്തമായി നല്ലൊരു കിടപ്പാടം പോലുമില്ലാത്ത പൊതുപ്രവർത്തകൻ.... തമിഴ്നാട്ടിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ തിരുത്തുറൈപൂണ്ടി മണ്ഡലത്തിൽ നിന്നു ജയിച്ച സിപിഐ സ്ഥാനാർഥി മാരിമുത്തു സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുകയാണ്. മുപ്പതിനായിരത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രധാന എതിരാളിയായ അണ്ണാഡിഎംകെ സ്ഥാനാർഥി സുരേഷ് കുമാറിനെ മാരിമുത്തു പരാജയപ്പെടുത്തിയത്. മാരിമുത്തുവിന്റെ ജീവിതം അറിഞ്ഞ് അഭിനന്ദനങ്ങൾ നിറയുകയാണ് സമൂഹമാധ്യമങ്ങളിൽ.
പൊതുപ്രവർത്തനരംഗത്ത് വർഷങ്ങളായി സജീവമാണ് മാരിമുത്തു. ഇപ്പോഴും ഓലമേഞ്ഞ ചെറിയ വീട്ടിൽ തന്നെയാണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും താമസം. ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ച സമയത്ത് മാരിമുത്തുവിന്റെ വീടിന്റെ മേൽക്കൂരയും പറന്നു പോയിരുന്നു. വീട് നന്നാക്കാൻ ഒരു എൻജിഒ വഴി 50,000 രൂപ ലഭിച്ചെങ്കിലും, തന്നേക്കാൾ കഷ്ടത്തിലായ ഒരാളുടെ വീടിന്റെ പുന:രുദ്ധാരണത്തിന് മാരിമുത്തു ആ പണം നൽകി.
കടുവക്കുടി ഗ്രാമത്തിലാണ് 49 വയസുകാരനായ മാരിമുത്തു കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭാര്യ ജയസുധയും അമ്മയും കർഷക തൊഴിലാളികളാണ്. മഴ പെയ്യുമ്പോൾ നനയാതിരിക്കാൻ ടാർപോളിൻ ഷീറ്റ് കൊണ്ട് തത്കാലത്തേക്ക് മറച്ചിരിക്കുകയാണ്. മണ്ഡലത്തിലെ ഭൂരഹിതരുടെയും തൊഴിലില്ലാത്തവരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ പരമാവധി ശ്രമിക്കുമെന്ന് മാരിമുത്തു പറയുന്നു. ഭാവിയിൽ സ്വന്തമായി ഒരു നല്ല വീട് വേണമെന്ന ആഗ്രവും ഉണ്ടെന്ന് അദ്ദേഹം പറയുന്നു.