05 May, 2021 01:28:21 PM


ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു



കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.മൂന്നാം തവണയാണ് മമത പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്.കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ച് ലളിതമായ ചടങ്ങായിരുന്നു രാജ്ഭവനിൽ നടന്നത്.


മുൻമുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്, പ്രതിപക്ഷ നേതാവായിരുന്ന അബ്ദുൽ മന്നൻ, ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മികച്ച വിജയം നേടിയെങ്കിലും മമത ബാനർജി പരാജയപ്പെട്ടിരുന്നു.


ശ്രദ്ധേയമായ പോരാട്ടത്തില്‍ നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോടായിരുന്നു മമത ബാനര്‍ജി തോറ്റത്. എന്നാല്‍ മമതയുടെ തോല്‍വി തൃണമൂല്‍ കോണ്‍ഗ്രസ് ഇതുവരെ അംഗീകരിച്ചിട്ടില്ല. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുവേന്ദു അധികാരി 1783 വോട്ടിന് ജയിച്ചിരുന്നു.എന്നാല്‍ അവസാന റൗണ്ടിലെ വോട്ടുകള്‍ എണ്ണിയില്ലെന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പരാതി.


നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 294 സീറ്റുകളില്‍ 213 സീറ്റുകള്‍ നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്.തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബംഗാളിന്റെ വിവിധഭാഗങ്ങളിൽ അക്രമം അഴിച്ചുവിടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K