04 May, 2021 07:45:37 AM
മധ്യപ്രദേശില്‍ കുംഭമേളയില്‍ പങ്കെടുത്ത 99 ശതമാനം പേര്‍ക്കും കൊവിഡ്
ഭോപാല്‍: രാജ്യത്ത് കൊവിഡ് വ്യാപനം പാരമ്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കെ മധ്യപ്രദേശില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഹരിദ്വാറില്‍ നിന്നും കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയവരില്‍ 99 ശതമാനത്തിനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. കഴിഞ്ഞദിവസം മേള കഴിഞ്ഞെത്തിയ 61ല്‍ 60 പേര്‍ക്കും കൊവിഡ് പോസ്റ്റീവാണ്.
സാമൂഹികാകലമോ മാസ്‌കോ മറ്റു കൊവിഡ് മാനദണ്ഡങ്ങളോ പാലിക്കാതെ കുംഭമേള നടത്തുന്നതിനെതിരേ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍പറത്തിയാണ് മേള നടത്തിയത്. കുഭമേളയില്‍ പങ്കെടുത്തവര്‍ക്ക് വലിയ തോതില്‍ മഹാമാരി റിപ്പോര്‍ട്ട് ചെയ്തതോടെ പല സംസ്ഥാനങ്ങളും അവിടെ നിന്നു മടങ്ങുന്നവര്‍ക്ക് കൊവിഡ് പരിശോധനയും ക്വാറന്റൈനും നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
കുംഭമേള കഴിഞ്ഞുവരുന്നവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ 14 ദിവസ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഹരിദ്വാരില്‍ നിന്ന് വരുകയാണെന്ന വിവരം മറച്ചുപിടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കുംഭമേള കഴിഞ്ഞു വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി.
മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ 12,379 പേര്‍ക് കൊവിഡ് സ്ഥിരീകരിക്കുകയും 102 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അതിനിടെയാണ് കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയ 99 ശതമാനം പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തെ ആശങ്കയിലാക്കി. കഴിഞ്ഞ വെള്ളിയാഴ്ച സമാപിച്ച ഈവര്‍ഷത്തെ കുംഭമേളയില്‍ 70 ലക്ഷം ആളുകളാണ് പങ്കെടുത്തത്. മേളയ്ക്കിടെ രണ്ടുലക്ഷം പേരില്‍ നടത്തിയ പരിശോധനയില്‍ 2,600 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ 21 വരെ ഡല്‍ഹിയില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനമാണ് രാജ്യത്ത് കൊവിഡ് പരത്തിയതെന്ന് പ്രചാരണം നടത്തി നിരവധിപേരെ പൊലിസ് ജയിലിലടച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ 70 ലക്ഷം പേര്‍ പങ്കെടുക്കുന്ന കുംഭമേള നടത്താന്‍ അനുമതി നല്‍കിയതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 4,000 പേര്‍ക്കു മാത്രമേ രോഗം ബാധിച്ചിരുന്നുള്ളൂ.