02 May, 2021 07:11:23 PM
ഭരണം കിട്ടി: പക്ഷെ മുഖ്യമന്ത്രി തോറ്റു; പരാജയം സമ്മതിച്ചത് സുവേന്ദു അധികാരിയോട്
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന് ബംഗാളില്‍ തുടര്‍ഭരണം ലഭിച്ചെങ്കിലും പാര്‍ട്ടിയുടെ സാരഥിയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോടാണ് മമത ബാനര്‍ജി പരാജയപ്പെട്ടത്. 1622 വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരി വിജയിച്ചത്. നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നു എന്ന് മമത പ്രതികരിച്ചു. മമത തോറ്റെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ ഭരണം ഉറപ്പിച്ചുകഴിഞ്ഞു. 294ല്‍ 212 ഇടത്തും തൃണമൂല്‍ മുന്നിലാണ്. ബിജെപി 78 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. രണ്ടിടത്ത് മറ്റ് പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നുണ്ട്.
ബംഗാള്‍ വോട്ടെണ്ണലില്‍ പാര്‍ട്ടിയുടെ വന്‍ വിജയത്തിന് പിന്നാലെ വീല്‍ചെയര്‍ ഉപേക്ഷിച്ചു. മമതയുടെ വീടിന് സമീപമുള്ള പാര്‍ട്ടി ഓഫീസിലേക്ക് നടക്കാന്‍ അവര്‍ വീല്‍ചെയര്‍ ഉപേക്ഷിക്കുകയായിരുന്നു. ഇലക്ഷന്‍ പ്രചാരണത്തിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് വീല്‍ചെയറില്‍ ആയ മമത ആദ്യമായാണ് നടന്നു പോകുന്ന ദൃശ്യങ്ങള്‍ പുറത്തായത്. മമത ബാനര്‍ജി പാര്‍ട്ടി ഓഫീസിലെത്തി തന്‍റെ അനുയായികള്‍ക്ക് നന്ദി അറിയിക്കുകയും കോവിഡ് -19 കുതിച്ചുചാട്ടത്തിനിടയില്‍ വിജയ റാലികള്‍ നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.