02 May, 2021 09:33:36 AM


അസമില്‍ ബിജെപി സഖ്യം മുന്നില്‍; പശ്ചിമ ബംഗാളില്‍‌ തൃണമൂലും ബിജെപിയും ഇഞ്ചോടിഞ്ച്



ദില്ലി: അസമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ബിജെപി സഖ്യം മുന്നില്‍. 29 സീറ്റില്‍ ബിജെപി സഖ്യം മുന്നേറുമ്പോള്‍ 14 സീറ്റിലാണ് കോണ്‍ഗ്രസ് സഖ്യത്തിന് ലീഡുള്ളത്. രാവിലെ 9 മണി വരെയുള്ള ലീഡ് നിലയാണിത്. അസമില്‍ മത്സരം നടന്നത് 126 സീറ്റിലാണ്. 64 സീറ്റ് വേണം സര്‍ക്കാര്‍ രൂപീകരിക്കാന്‍. ബിജെപിക്കും കോൺഗ്രസിനും തുല്യ സാധ്യതയാണ് എക്സിറ്റ് പോൾ സ൪വേകൾ പ്രവചിച്ചത്. 2016ല്‍ 84 സീറ്റില്‍ മത്സരിച്ച ബിജെപി 60 ഇടത്താണ് ജയിച്ചത്. അസം ഗണപരിഷത്ത് 24ല്‍ 14 സീറ്റില്‍ ജയിച്ചു. 122 ഇടത്ത് മത്സരിച്ച കോണ്‍ഗ്രസ് 26 സീറ്റിലേ വിജയിച്ചുള്ളൂ. 2016ല്‍ നേടിയ വിജയം നിലനിര്‍ത്താന്‍ ബിജെപിയും 2000 മുതല്‍ 2015 വരെ സംസ്ഥാനം ഭരിച്ചതിന്റെ പാരമ്പര്യം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസും കനത്ത പോരാട്ടമാണ് നടത്തിയത്. 


പശ്ചിമ ബംഗാളില്‍‌ വോട്ടെണ്ണല്‍ പുരോഗമിക്കവേ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച്. ഇടത് - കോണ്‍ഗ്രസ് സഖ്യം ചിത്രത്തില്‍ ഇല്ല. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പശ്ചിമ ബംഗാളിൽ മമതാ ബാനർജിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ എന്തു സംഭവിച്ചു എന്നത് ദേശീയ രാഷ്ട്രീയത്തിലെ തന്നെ നിർണായക വിധിയാകും. റിപബ്ലിക് ടിവി-സിഎൻഎക്സ് ഒഴികെയുള്ള എക്സിറ്റ് പോൾ സർവേകളെല്ലാം തൃണമൂൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു. 152 സീറ്റ് മുതൽ 176 സീറ്റ് വരെ തൃണമൂൽ കോൺഗ്രസ് നേടുമെന്നാണ് വിവിധ സർവേകൾ പ്രവചിക്കുന്നത്.


ബംഗാളിൽ കേവല ഭൂരിപക്ഷം ലഭിക്കാൻ 147 സീറ്റുകളെങ്കിലും നേടണം. 2016ല്‍ 211 സീറ്റില്‍ ജയിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 293 സീറ്റിലാണ് തൃണമൂല്‍ മത്സരിച്ചത്. 291 സീറ്റില്‍ മത്സരിച്ച ബിജെപി മൂന്ന് സീറ്റില്‍ മാത്രമാണ് ജയിച്ചത്. നേടിയത് 10.16 ശതമാനം വോട്ടും. സിപിഎം 148 സീറ്റില്‍ മത്സരിച്ചപ്പോള്‍ 26 ഇടത്ത് ജയിച്ചു. കോണ്‍ഗ്രസാകട്ടെ 92 സീറ്റില്‍ മത്സരിച്ചിട്ട് 44 സീറ്റുകളിലാണ് ജയിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ബിജെപി വോട്ട് ശതമാനം 40.3 ആയി ഉയര്‍ത്തി. ആകെയുള്ള 42 സീറ്റുകളില്‍ 18 സീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ ആത്മവിശ്വാസവുമായാണ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ബിജെപി ബംഗാളില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K