01 May, 2021 02:13:19 PM
'മരുന്ന് ആകാശത്തുനിന്ന്': കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ ഡ്രോണുകളും
ഹൈദരാബാദ്: കോവിഡ് വാക്‌സിന്‍ ഇനി ആകാശത്തുകൂടിയും. വരുന്ന ഡ്രോണുകളാകുമത്. തെലങ്കാന ഭരണകൂടം സംസ്ഥാനത്തെ ഉൾഗ്രാമങ്ങളിൽ വാക്‌സിനുകൾ എത്തിക്കാനായി ഡ്രോണുകളെ ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. ഇതിനായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ കോവിഡ് വാക്‌സിനുകളുടെ വിതരണത്തിനായി ഡ്രോണുകൾ ഉപയോഗിക്കാൻ കേന്ദ്ര അനുമതി ലഭിക്കുന്ന ആദ്യ സംസ്ഥാനം കൂടിയായിരിക്കുകയാണ് തെലങ്കാന.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മരുന്നുകളെത്തിക്കാനുള്ള എളുപ്പമാർഗമായാണ് തെലങ്കാന സർക്കാർ ഡ്രോണുകളെ ആശ്രയിക്കുന്നത്. ഒരു വർഷത്തേക്കാണ് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുള്ളത്. 'മരുന്ന് ആകാശത്തുനിന്ന്' എന്ന പേരിലാണ് ഡ്രോൺ വഴി മരുന്നുവിതരണ പദ്ധതിക്ക് തുടക്കമിടുന്നത്. പരീക്ഷണാർത്ഥം വിക്രാബാദ് ഏരിയ ആശുപത്രിയിൽ അടുത്ത ദിവസം തന്നെ പദ്ധതിക്കു തുടക്കം കുറിക്കും. ഇതിനായി എട്ട് സ്റ്റാർട്ടപ്പുകളെ നാലു ബാച്ചുകളായി തിരിച്ച് ചുമതലപ്പെടുത്തിയിട്ടുണ്ട്.