30 April, 2021 04:23:33 PM


വാക്‌സിന് രണ്ട് തരം വില എന്തുകൊണ്ട്? ചോദ്യങ്ങള്‍ കടുപ്പിച്ച് സുപ്രിംകോടതി



ദില്ലി: രാജ്യത്ത് വാക്‌സിനേഷന്‍ ഏകീകൃതമായി നടത്താന്‍ എന്താണ് തടസമെന്നും നിരക്ഷരരായ ജനങ്ങള്‍ക്ക് എങ്ങനെ വാക്‌സിന്‍ ഉറപ്പാക്കിയെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്‍റെ അളവ് കമ്പനികള്‍ തീരുമാനിക്കുന്നത് അംഗീകരിക്കില്ലെന്നും എല്ലാ പൗരന്മാര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്നത് കേന്ദ്രം പരിഗണിക്കണമെന്ന് കോടതി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായത്.


വാക്‌സിന്‍ ലൈസന്‍സ് രജിസ്‌ട്രേഷന്‍ പേറ്റന്‍റ് നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചോയെന്നും ശ്മശാന ജീവനക്കാര്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കിയോ എന്നും കോടതി ചോദിച്ചു. ഉത്പാദിപ്പിക്കുന്ന മുഴുവന്‍ വാക്‌സിനും എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്നില്ല? എന്തുകൊണ്ടാണ് രാജ്യത്ത് വാക്‌സിന് രണ്ട് തരം വില? കേന്ദ്രവും സംസ്ഥാനവും വാക്‌സിന്‍ വാങ്ങുന്നത് സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ലേ? ദേശീയ ആരോഗ്യ പ്രതിരോധ നയത്തിന്‍റെ മാതൃക വാക്‌സിനേഷനില്‍ എന്തുകൊണ്ട് പിന്തുടരുന്നില്ല? ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ പ്രത്യേക സോഫ്റ്റ് വെയര്‍ നിലവിലുണ്ടോ? ജനിതക മാറ്റം വന്ന വൈറസുകളെ കണ്ടെത്താന്‍ ലാബുകളെ പര്യാപ്തമാക്കിയോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ കോടതി ചോദിച്ചു.

കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് മികച്ച ശമ്പളം ഉറപ്പാക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി പൗരന്മാര്‍ കരയുന്നത് കാതുകളിലെത്തിയെന്നും കോടതി. ജനം പരാതി പറയുമ്പോള്‍ കേസെടുക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K