27 April, 2021 12:11:12 PM
വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങൾക്ക് വിലക്ക്: ഉത്തരവ് ഹൈക്കോടതി പരാമർശനത്തിന് പിന്നാലെ
ദില്ലി: വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നിർദേശം. തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങൾക്കാണ് നിയന്ത്രണം ബാധകം. മെയ് രണ്ടിന് ഒരു വിധത്തിലുള്ള ആഹ്ലാദപ്രകടനങ്ങളും നടത്തരുതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും രാഷ്ട്രീയ പാർട്ടികൾക്കും നിർദേശം നൽകും.
രാജ്യത്ത് കൊവിഡ് നിരക്ക് വൻ തോതിൽ ഉയരാൻ കാരണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനാസ്ഥയാണെന്ന വിമർശനം ഉയർന്നതിനു പിന്നാലെയാണ് കമ്മിഷന്റെ തീരുമാനം. കൊവിഡ് വ്യാപന വിഷയത്തിൽ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി കമ്മിഷനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. കൊവിഡ് നിരക്ക് ഉയർന്നിട്ടും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ വീഴ്ചവരുത്തി. ഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിസംഗത പാലിച്ചു എന്ന ആക്ഷേപത്തിൽ ആയിരുന്നു ഹൈക്കോടതിയുടെ വിമർശനം.
തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ ഹർജികളും എത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ആഘോഷങ്ങൾ നിയന്ത്രിച്ചുകൊണ്ട് നിർദേശം ഇറക്കിയത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ദിവസവും അതിനടുത്ത് ദിവസങ്ങളിലും ഉത്തരവ് ബാധകമായിരിക്കും.