14 April, 2021 05:53:07 PM
ഇന്ത്യയൊട്ടാകെ ഇനി ലോക്ഡൗണ്‍ ഇല്ല; പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രം - നിര്‍മല സീതാരാമന്‍
ദില്ലി: ദേശീയതലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്ന് ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസുമായുള്ള വെര്‍ച്വല്‍ യോഗത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കോവിഡ് രോഗവ്യാപനം വീണ്ടും രൂക്ഷമാകുന്നതിനിടെ, രണ്ടാം തരംഗത്തില്‍ രാജ്യം വലിയ തോതില്‍ ലോക്ഡൗണുകളിലേക്കു പോകില്ല. സമ്പദ്വ്യവസ്ഥയെ പൂര്‍ണമായും 'അറസ്റ്റ്' ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല.
രോഗികളെ വീടുകളില്‍ ക്വാറന്റീനില്‍ ആക്കുന്നതു പോലുള്ള നടപടികള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിനേഷനും പരിശോധനയും സമാനമായിട്ടുള്ള രീതിയില്‍ രോഗ വ്യാപനത്തെ തടയുന്നതിന് വേണ്ടി അതിധ്രുത ഗതിയില്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഇനിയൊരു ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
സിവില്‍ സര്‍വീസ്, ധനകാര്യ മേഖല പരിഷ്‌കരണം, ജലവിഭവ മാനേജ്മെന്റ്, ആരോഗ്യം എന്നിവയിലെ സമീപകാല പരിപാടികള്‍ ഉള്‍പ്പെടെ ലോകബാങ്കും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡേവിഡ് മാല്‍പാസും നിര്‍മ്മല സീതാരാമനും ചര്‍ച്ച ചെയ്തതായി ലോക ബാങ്കിന്റെ പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്രയധികം പോസിറ്റീവ് കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.